ഡൽഹി സ്ഫോടനം രാജ്യത്തിന്‍റെ അഖണ്ഡതക്കേറ്റ മുറിവ് -സുരേഷ് ഗോപി
text_fieldsതിരുവനന്തപുരം: ഇന്നലെ വൈകുന്നേരം ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപമുണ്ടായ കാർ സ്ഫോടനം രാജ്യത്തിന്‍റെ അഖണ്ഡതക്കേറ്റ മുറിവാണെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യൻ സർക്കാർ മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് അനിതര സാധാരണമായ, വളരെ ദൗർഭാഗ്യകരമായ സംഭവമാണ്. കഴിഞ്ഞ 30 ദിവസത്തിനിടെ രാജസ്ഥാൻ അടക്കമുള്ള പ്രദേശങ്ങളിൽ ഇത്തരം എട്ട് ശ്രമങ്ങളാണ് ഇല്ലാതാക്കിയത്. രാജ്യത്തിന്‍റെ അഖണ്ഡതക്കേറ്റ മുറിവാണിത്. കുറ്റവാളികളെയും അവരെ പിന്തുണക്കുന്നവരെയും അതിന്‍റെ ശക്തികൾ രാജ്യമെമ്പാടും പരന്ന് കിടപ്പുണ്ടെങ്കിൽ ശക്തമായ നടപടിയുമായി ഇന്ത്യൻ സർക്കാർ മുന്നോട്ടുവരും -സുരേഷ് ഗോപി പറഞ്ഞു.
ഐ20 കാർ ചെങ്കോട്ടക്ക് സമീപം കറങ്ങിയത് മൂന്ന് മണിക്കൂറോളം
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിലെ കാർബോംബ് സ്ഫോടനത്തിൽ സ്ഫോടനമുണ്ടായ ഹ്യുണ്ടായുടെ വെള്ള ഐ20 കാറിന്‍റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. മൂന്ന് മണിക്കൂറോളം വാഹനം മേഖലയിൽ കറങ്ങി നടന്നതായാണ് റിപ്പോർട്ട്. തുടർന്നാണ് ചെങ്കോട്ട ട്രാഫിക് സിഗ്നലിനരികെ പതിയെ നീങ്ങിയ കാർ പൊട്ടിത്തെറിച്ചത്. ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ടയോട് ചേർന്നുള്ള പാർക്കിങ് ഏരിയയിൽ കാർ എത്തി. മൂന്ന് മണിക്കൂറോളം കാർ ഇവിടെ ഉണ്ടായിരുന്നു. വൈകിട്ട് 6.48-ഓടെ കാർ പാർക്കിങ് ഏരിയയിൽനിന്ന് പുറത്തേക്കിറങ്ങി.
മരണം ഒമ്പത് ആയി
ഇന്നലെ വൈകീട്ട് 6.52ഓടെ ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ മരണം ഒമ്പത് ആയി. ഉഗ്ര സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. 24 പേർക്ക് പരിക്കുണ്ട്. അനേകം മീറ്ററുകൾ അകലെ പാർക്കുചെയ്ത വാഹനങ്ങളുടെ ചില്ലുകളും സ്ഫോടനത്തിൽ തകർന്നു. അഗ്നി രക്ഷാവിഭാഗം കുതിച്ചെത്തി രാത്രി 7.29ഓടെ തീ നിയന്ത്രണവിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

