'ഇനി യു.ഡി.എഫ് നേതാക്കൾ ശശിയുടെ തീവ്രത അളക്കട്ടെ, അത് രാഹുൽ മാങ്കൂട്ടത്തിലിന് മുകളിൽ വരുമോ എന്ന് അവർ തീരുമാനിക്കട്ടെ' -സുരേഷ് ബാബു
text_fieldsസുരേഷ് ബാബു, പി.കെ ശശി
പാലക്കാട്: ഇനി യു.ഡി.എഫ് നേതാക്കൾ പി.കെ ശശിയുടെ തീവ്രത അളക്കട്ടെ എന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'യു.ഡി.എഫ് നേതാക്കൾ ഇനി ശശിയുടെ തീവ്രത അളക്കട്ടെ. ഇതുവരെ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് എ.കെ. ബാലനും പി.കെ. ശ്രീമതി ടീച്ചറും ശശിയുടെ തീവ്രത അളന്നു എന്നാണെല്ലോ. ഇനി വി.ഡി സതീശനും കുഞ്ഞാലിക്കുട്ടിയും അടൂർ പ്രകാശും ഉൾപ്പെടെയുള്ളവർ പി.കെ ശശിയുടെ തീവ്രത അളക്കട്ടെ, അത് പാലക്കാട് എം.എൽ.എയുടെ മുകളിൽ വരുമോ എന്ന് അവർ തീരുമാനിക്കട്ടെ -ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.
പാർട്ടിക്ക് അകത്ത് ഉണ്ടായിരുന്നപ്പോഴും പുറത്തു പോകുമ്പോഴും ശശി എന്ന വ്യക്തിയെക്കുറിച്ച് തങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്‍റെ ഭാഗമാകുന്നു എന്നാണ് മാധ്യമങ്ങളിലൂടെ കണ്ടത്. അതിനാൽ അവരാണ് തീവ്രത അളക്കേണ്ടതെന്നും മറുപടി പറയേണ്ടതെന്നും സുരേഷ് ബാബു പറഞ്ഞു.
വിമത കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെ പി.കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സുരേഷ് ബാബു അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് കൊല്ലമായി പാർട്ടിയിൽ നിന്ന് വിട്ടു നിന്ന ശേഷമാണ് വിമത കൺവെൻഷനിൽ പി.കെ. ശശി പങ്കെടുത്തത്. ഇ.എൻ സുരേഷ് ബാബുവിനെതിരെ ശക്തമായ ആരോപണമാണ് പി.കെ. ശശി ഉന്നയിച്ചിരിക്കുന്നത്. ഇതേസമയം തനിക്കെതിരെയുള്ള ആരോപണം ശശി തെളിയിച്ചാൽ പർട്ടിയിൽ നിന്നും പുറത്തു പോകുമെന്ന് സുരേഷ് ബാബു പറഞ്ഞു.
അതേസമയം, ശശിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ നേതാവ് രംഗത്തെത്തി. സി.പി.എം ഓഫിസ് പി.കെ. ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നുവെന്നും അവിടെ വെച്ച് കാണാൻ പറ്റാത്തത് നേരിൽ കണ്ട മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭർത്താവ് ഒരു തുണ്ട് കയറിൽ ജീവനൊടുക്കിയെന്ന് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

