മഞ്ചേശ്വരത്ത് ഇന്നു മുതൽ സുരേന്ദ്രനുമിറങ്ങും
text_fieldsകാസർകോട്: ഹോട്സ്പോട്ട് മണ്ഡലമായ മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ എൻ.ഡി.എ സ്ഥാനാർഥിയാവും. ഇതുസംബന്ധിച്ച് ധാരണയായതിനെതുടർന്ന് ഡൽഹിയിൽനിന്ന് സുരേന്ദ്രൻ നേരിട്ട് ഞായറാഴ്ച കാസർകോട്ടെത്തും. പൈവളിഗെ പഞ്ചായത്തിലെ ജോഡ്ക്കല്ലിലുള്ള എൻ.ഡി.എ മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഞായറാഴ്ച രാവിലെ സുരേന്ദ്രൻ നിർവഹിക്കും.
2016ൽ 89 വോട്ടിന് മുസ്ലിംലീഗിലെ പി.ബി. അബ്ദുറസാഖിനോട് പരാജയപ്പെട്ട സുരേന്ദ്രൻ മരണപ്പെട്ടവർപോലും വോട്ടു ചെയ്തെന്ന ആരോപണവുമായി കോടതിയെ സമീപിച്ചിരുന്നു. 2019ൽ പി.ബി. അബ്ദുറസാഖ് മരിച്ചതിനെതുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റത് ഏഴായിരത്തിലേറെ വോട്ടുകൾക്കാണ്. സുരേന്ദ്രനു പകരം, ജില്ല അധ്യക്ഷൻ കെ. ശ്രീകാന്തിെൻറ എതിർചേരിയിലുൾപ്പെട്ട രവീശ തന്ത്രി കുണ്ടാർ സ്ഥാനാർഥിയായപ്പോൾ പാർട്ടിയിലെ വിഭാഗീത തിരിച്ചടിയാവുകയും മുസ്ലിംലീഗ് ടിക്കറ്റിൽ മത്സരിച്ച എം.സി. ഖമറുദ്ദീൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇത്തവണ എം.സി. ഖമറുദ്ദീന് പകരം യൂത്ത് ലീഗ് സംസ്ഥാന നേതാവ് എ.കെ.എം. അഷ്റഫാണ് യു.ഡി.എഫ് സ്ഥാനാർഥി. തർക്കങ്ങൾക്കൊടുവിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാവാൻ നറുക്കുവീണത് വി.വി. രമേശനും. രണ്ടു പേരും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ മഞ്ചേശ്വരത്ത് ഞായറാഴ്ച മുതൽ സുരേന്ദ്രനും സജീവമാകുന്നതോടെ പ്രചാരണച്ചൂടിന് കനംവെക്കും.
മഞ്ചേശ്വരത്തിനു പുറമെ കാലങ്ങളായി രണ്ടാം സ്ഥാനത്തെത്തുന്ന കാസർകോട് മണ്ഡലത്തിൽ ബി.ജെ.പി കാസർകോട് ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത് ജനവിധി തേടും. 2015-20 കാലഘട്ടത്തിൽ ജില്ല പഞ്ചായത്തംഗമായിരുന്നു ശ്രീകാന്ത്.
ഹാട്രിക് ജയം സ്വന്തമാക്കാൻ എൻ.എ. നെല്ലിക്കുന്നിനെ തന്നെയാണ് യു.ഡി.എഫ് കാസർകോട്ടെ ഗോദയിൽ രംഗത്തിറക്കിയത്. എൽ.ഡി.എഫിെൻറ സ്ഥാനാർഥിയായി ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫിനെ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

