ശോഭ സുരേന്ദ്രന്‍റെ പരാതികള്‍ പരിഗണിക്കേണ്ടതില്ലെന്ന് സുരേന്ദ്രന്‍ വിഭാഗം
text_fieldsതിരുവനന്തപുരം: ശോഭാ സുരേന്ദ്രന്‍റെ പരാതികള്‍ ഗൗനിക്കാതെ മുന്നോട്ട് പോകാന്‍ കെ. സുരേന്ദ്രന്‍ പക്ഷത്തിന്‍റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാതിരുന്ന ശോഭയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുരേന്ദ്രന്‍ വിഭാഗം ദേശീയ നേതാക്കളെ നേരത്തേ അറിയിച്ചിരുന്നു.
ആറ്റിങ്ങല്‍, പാലക്കാട് എന്നിവിടങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമാകാന്‍ ശോഭാ സുരേന്ദ്രനോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ പ്രചാരണത്തിനില്ലെന്നായിരുന്നു ശോഭയുടെ ഉറച്ച് നിലപാട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് ശേഷം ഇനി ഒത്തു തീര്‍പ്പ് ആവശ്യമില്ലെന്ന കര്‍ശന നിലപാടിലേക്ക് സുരേന്ദ്രന്‍ പക്ഷം നീങ്ങിയത്.
എന്നാൽ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനായി സുരേന്ദ്രൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഢക്കും ആഭ്യന്ത്ര മന്ത്രി അമിത് ഷാക്കും ശോഭ സുരേന്ദ്രൻ നേരത്തേ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ തനിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശോഭ സുരേന്ദ്രൻ. ഈ മാസം 27 ന് ശേഷം പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് ശോഭാ സുരേന്ദ്രനോടൊപ്പമുള്ളവര്‍ പറയുന്നത്. മാത്രമല്ല തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തില്‍ സുരേന്ദ്രന്‍ പക്ഷം മനഃപൂര്‍വം ശോഭാ സുരേന്ദ്രനെ ഒഴിവാക്കുകയാണെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു.
കെ. സുരേന്ദ്രൻ സംസ്ഥാനപ്രസിഡന്‍റായതിനുശേഷം അവഗണന നേരിടുന്നവരെ ഒന്നിച്ചുചേർത്ത് ശോഭാ സുരേന്ദ്രൻ അടുത്തിടെ പാർട്ടിക്കുള്ളിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെകൂടി അഭിപ്രായങ്ങൾ പരിഗണിച്ചാണ് കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയത്. ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തികാണിച്ചിരുന്നു. എന്നാല്‍ ഇതിനെ തഴഞ്ഞാണ് മുരളീധരന്‍ പക്ഷത്തിന്റെ നേതാവായയ കെ.സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

