ശൂരനാട് സംഭവം വിപ്ലവ ചരിത്രത്തിലെ ചോരവീണ ഏട്
text_fieldsകായംകുളം: സമരവഴികളിലെ പ്രകമ്പനം പലപ്പോഴും പ്രമാണിമാരുമായുള്ള ഏറ്റുമുട്ടലുകൾക്ക് വഴിയൊരുക്കി. കമ്യൂണിസ്റ്റുകാരുടെ ശല്യം സഹിക്കാതായപ്പോൾ ജന്മികൾ പൊലീസിനെ വരുത്തി നേരിടാൻ തുടങ്ങി. പൊലീസ് തേർവാഴ്ച സഹിക്കാൻ കഴിയാതായതോടെ പാർട്ടിപ്രവർത്തകർ പലവഴിക്കായി ഒളിവിൽപോയി. ഇതിനിടെയിലാണ് വള്ളികുന്നത്തിന്റെ സമീപമായ ശൂരനാട്ട് ഇവർ ഒത്തുകൂടിയത്.
ഇവിടെയും ജന്മിത്വവാഴ്ചയുടെ ദുരിതങ്ങളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. തുടർന്ന് നടത്തിയ ഇടപെടലുകളാണ് നാല് പൊലീസുകാരുടെ കൊലപാതകത്തിൽ കലാശിച്ച 1949 ഡിസംബർ 31ലെ ‘ശൂരനാട്’ സംഭവത്തിന് വഴിയൊരുക്കിയത്. പാവപ്പെട്ടവർ മീൻ പിടിച്ച് ഉപജീവനം നടത്തിയിരുന്ന ശൂരനാട്ടെ ‘പുറമ്പോക്ക് കുളം’ പ്രമാണിമാരുടെ താൽപര്യപ്രകാരം ലേലം ചെയ്തതിനെ തൊഴിലാളികൾ ചോദ്യം ചെയ്തു. വിലക്ക് ലംഘിച്ച് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ തൊഴിലാളികൾ മീൻപിടിച്ചു.
സംഘർഷാവസ്ഥയെ തുടർന്ന് എത്തിയ പൊലീസ് കമ്യൂണിസ്റ്റുകാരെ തേടിയിറങ്ങി. കമ്യൂണിസ്റ്റുകാർക്ക് സഹായം ചെയ്ത പായിക്കാട്ട് വീട്ടിലെത്തിയ പൊലീസും ഗുണ്ടകളും സ്ത്രീകളെ ആക്രമിക്കുന്നത് തടയാൻ സി.കെ. കുഞ്ഞുരാമൻ അടക്കമുള്ള സഖാക്കൾ ഓടിയെത്തി. തുടർന്നുണ്ടായ സംഘട്ടനത്തിലാണ് സബ് ഇൻസ്പെക്ടറടക്കമുള്ള പൊലീസുകാർ കൊല്ലപ്പെടുന്നത്. ഇതോടെ കമ്യൂണിസ്റ്റുകാരുടെ തലക്ക് സർക്കാർ ഇനാം പ്രഖ്യാപിച്ചു. പിടികൂടിയ പ്രതികൾ കൊടിയ പീഡനങ്ങൾക്ക് വിധേയരായി. പലരും ലോക്കപ്പിൽ കൊല്ലപ്പെട്ടു.
തണ്ടാശ്ശേരി രാഘവൻ, കളക്കാട്ട്തറ പരമേശ്വരൻ നായർ, പായിക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്കരൻ നായർ, കാട്ടൂർ ജനാർദനൻ നായർ, കാഞ്ഞിരപ്പള്ളി വടക്ക് പുരുഷോത്തമകുറുപ്പ്, പായിക്കാലി രാമൻ നായർ, ഉന്തിലേത്ത് വാസുപിള്ള, മലമേൽ കൃഷ്ണപിള്ള തുടങ്ങിവരാണ് പൊലീസ് മർദനത്തിൽ രക്തസാക്ഷികളായത്. ചാലിത്തറ കുഞ്ഞച്ചന്റെ തിരോധാനം ഇന്നും ദുരൂഹമായി തുടരുന്നു. ഗൂഢാലോചന കേസിൽ തോപ്പിൽ ഭാസിയും ശങ്കരനാരായണൻ തമ്പിയും പേരൂർ മാധവൻപിള്ളയും അടക്കമുള്ളവരും പ്രതികളായി. വീടും വീട്ടുകാരെയും കുഞ്ഞുങ്ങളെയും വിപ്ലവവഴിയിൽ ഉപേക്ഷിച്ച് മിക്കവരും ഒളിവിൽ പോയി.
ഇവരെ കിട്ടാത്ത ദേഷ്യം പൊലീസ് വീട്ടുകാരുടെ മേൽ പ്രയോഗിച്ചു. തോപ്പിൽ ഭാസിയുടെ വീട് കണ്ടുകെട്ടി കുടുംബത്തെ പൊലീസ് വീട്ടിൽനിന്ന് ഇറക്കിവിട്ടു. ഭാസിയുടെ പ്രമാണിയായ പിതാവ് പരമേശ്വരൻപിള്ളയെ ലോക്കപ്പിലടച്ചു. ജാമ്യത്തിലിറങ്ങിയ പരമേശ്വരൻപിള്ളക്കും ഭാര്യ നാണിക്കുട്ടിയമ്മക്കും കയറിക്കിടക്കാൻ ഇടമില്ലാത്ത അവസ്ഥയിൽ ഓച്ചിറ പടനിലമാണ് അഭയകേന്ദ്രമായത്.
യാചകർക്കൊപ്പം കഞ്ഞികുടിച്ച് ആറ് മാസത്തോളമാണ് ഇവർ ഓച്ചിറയിൽ കഴിഞ്ഞത്. പൊലീസിന്റെയും നാട്ടുകാരുടെയും അതിക്രമം ഭയന്ന് ചിതറിയോടിയ സി.കെ. കുഞ്ഞുരാമന്റെ മക്കൾ അനാഥരായി നാടുചുറ്റിയ സംഭവമാണ് ഭാർഗവിയിലൂടെ ഒളിവിലെ ഓർമകളിൽ പരാമർശിച്ചത്. സി.കെ. കുഞ്ഞുരാമന്റെ വിപ്ലവോജ്ജ്വലമായ ജീവിതമാണ് ഭാസി ‘മൂലധനം’ നാടകത്തിലും ഇതിവൃത്തമാക്കിയത്.
സന്നിപാത ജ്വരം ബാധിച്ച് ആയിരംതെങ്ങ് കടപ്പുറത്ത് അവശയായി കിടന്ന മകൾ ഭാർഗവിയെ കുഞ്ഞുരാമൻ കണ്ടെത്തിയ സംഭവം വികാരപരമായ ഒരേടായി നിലനിൽക്കുന്നു. 13 പ്രതികളിൽ പനത്താഴ രാഘവനെ പൊലീസിന് പിടികൂടാനായില്ല. മറ്റുള്ളവരെയെല്ലാം ഒളിസങ്കേതങ്ങളിൽനിന്നും പിടികൂടി ലോക്കപ്പിലും ജയിലിലുമായി കടുത്ത മർദനങ്ങൾക്ക് വിധേരാക്കിയ ശേഷമാണ് വിചാരണക്ക് വിട്ടുനൽകിയത്.
മൂന്ന് മുതൽ അഞ്ച് വരെ വീതം ജീവപര്യന്തം തടവ് ശിക്ഷയാണ് ഇവർക്കുമേൽ വിധിക്കപ്പെട്ടത്. സ്വന്തം ജീവനും ജീവിതവും സമർപ്പിച്ചാണ് മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർട്ടിയെ ഇവർ കെട്ടിപ്പൊക്കിയത്. ഇതിനായി മേനി സമരം അടക്കം ഒട്ടനവധി തുടർ സമര ചരിത്രങ്ങൾ സൃഷ്ടിച്ച നേതാക്കളെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു. വിപ്ലവത്തിന്റെ ജ്വലിക്കുന്ന ഓർമകൾ മനസ്സുകളിൽ സൂക്ഷിക്കുന്ന നിരവധി പേർ വള്ളികുന്നത്തും ശൂരനാട്ടും ഇന്നും അവശേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

