Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ അനുവദിക്കണമെന്ന...

സ്കൂൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി; പുനഃപരിശോധനാ ഹരജി നൽകുമെന്ന് മന്ത്രി ശിവൻകുട്ടി

text_fields
bookmark_border
V Sivankutty
cancel

തിരുവനന്തപുരം: കേരളത്തിൽ ഒ​രു കി​ലോ​മീ​റ്റ​റി​ൽ സ​ർ​ക്കാ​ർ എ​ൽ.​പി സ്കൂ​ളും മൂ​ന്ന് കി​ലോ​മീ​റ്റ​റി​ൽ യു.​പി സ്കൂ​ളും അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പ്രായോഗിക വശങ്ങൾ പരിശോധിച്ചു പുനഃപരിശോധനാ ഹരജി നൽകുമെന്ന് ശിവൻകുട്ടി വ്യക്തമാക്കി.

വിദ്യാഭ്യാസ അവകാശ നിയമം കർശനമായി പാലിച്ചു കൊണ്ട്, എൽ.പി, യു.പി സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ അടിയന്തരമായി സ്കൂളുകൾ ആരംഭിക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാന സർക്കാർ ഗൗരവമായി പരിശോധിച്ചു വരികയാണ്. മലപ്പുറം ജില്ലയിലെ എലമ്പ്രയിൽ സ്കൂൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധി മാനിക്കുന്നുവെങ്കിലും വിധിയിലെ പരാമർശങ്ങൾ കണക്കിലെടുത്ത് പുനഃപരിശോധന ഹരജി നൽകുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുന്നു.

വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിലുള്ളത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ്, നീതി ആയോഗ് എന്നിവയുടെ കണക്കുകൾ പ്രകാരം കേരളം വിദ്യാഭ്യാസത്തിൽ ബഹുദൂരം മുന്നിലാണ്. 100 ശതമാനം സാക്ഷരതയോടെ കേരളം ഇന്ത്യയിൽ ഒന്നാമതാണ്. ദേശീയ ശരാശരി എത്രയോ താഴെയാണ്. കേരളത്തിലെ ജനവാസ മേഖലകളിൽ ഭൂരിഭാഗത്തും 1-2 കിലോമീറ്റർ ചുറ്റളവിൽ സർക്കാർ/എയ്ഡഡ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.

സ്കൂൾ കൊഴിഞ്ഞുപോക്ക് കേരളത്തിൽ ഏതാണ്ട് പൂജ്യത്തിന് അടുത്താണ്. ഇത് ദേശീയ സാഹചര്യങ്ങളേക്കാൾ എത്രയോ മികച്ചതാണ്. അതായത്, സ്കൂൾ ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ ഒരു കുട്ടിക്കും പഠനം നിഷേധിക്കപ്പെടുന്നില്ല. മലപ്പുറം എലമ്പ്രയിലെ സ്കൂളിന്റെ കാര്യത്തിൽ, അവിടെ സൗജന്യമായി ഭൂമിയും കെട്ടിടവും ലഭ്യമാക്കാമെന്ന് തദ്ദേശസ്ഥാപനം അറിയിച്ച സാഹചര്യത്തിൽ, അത് പ്രത്യേകമായി പരിഗണിക്കും.

വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണിത്. എന്നാൽ, അത് ശാസ്ത്രീയവും പ്രായോഗികവുമായ രീതിയിലായിരിക്കണം നടപ്പിലാക്കേണ്ടത് എന്നതാണ് സർക്കാരിന്റെ നിലപാട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മികച്ചുനിൽക്കുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയിസ്‌ പ്ലസ് റിപ്പോർട്ടുകളും ഏറ്റവും പുതിയ പി.ജി.ഐ സൂചികയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങൾ. നമ്മുടെ രാജ്യത്തെ സ്‌കൂളുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അന്തരം പരിശോധിക്കുമ്പോൾ കേരളം പുലർത്തുന്ന ഗുണനിലവാരം വ്യക്തമാകും. ഉദാഹരണത്തിന്, 24 കോടിയിലധികം ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ ഏകദേശം രണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഓരോ സ്‌കൂളിലും പഠിക്കുന്ന കുട്ടികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ അവിടെ വലിയ സമ്മർദ്ദമാണുള്ളത്.

അതുപോലെ, പതിമൂന്ന് കോടിയിലധികം ജനസംഖ്യയുള്ള ബിഹാറിൽ തൊണ്ണൂറ്റി മൂവായിരത്തോളം സ്‌കൂളുകൾ മാത്രമാണുള്ളത് എന്നത് ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ വളരെ കുറവാണെന്നും ഇത് ക്ലാസ് മുറികളിലെ തിക്കിത്തിരക്കിന് കാരണമാകുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

എന്നാൽ, മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള നമ്മുടെ കേരളത്തിൽ പതിനാറായിരത്തോളം സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്. സ്‌കൂളുകളുടെ എണ്ണത്തേക്കാൾ ഉപരി, ഓരോ വിദ്യാർഥിക്കും ലഭിക്കുന്ന ശ്രദ്ധക്കും സൗകര്യങ്ങൾക്കുമാണ് നമ്മൾ മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ അധ്യാപക-വിദ്യാർഥി അനുപാതത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ദേശീയ ശരാശരിയേക്കാൾ ബഹുദൂരം മുന്നിലെത്താൻ നമുക്ക് സാധിച്ചു.

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ നിലവാരം അളക്കാൻ ഉപയോഗിക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിലും കേരളം മുൻനിരയിലാണ്. സ്‌കൂളുകളുടെ എണ്ണം മാത്രം നോക്കാതെ, പഠന നിലവാരം, സൗകര്യങ്ങൾ, തുല്യത എന്നിവയെല്ലാം പരിഗണിക്കുന്ന ഈ സൂചികയിൽ കേരളം പ്രഥമശ്രേണിയിൽ സ്ഥാനം നിലനിർത്തുന്നു എന്നത് നമുക്ക് അഭിമാനകരമാണ്.

സാക്ഷരത, അധ്യാപക പരിശീലനം, ഭൗതിക സാഹചര്യങ്ങൾ എന്നിവയിൽ പഞ്ചാബ്, ചണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചുരുക്കത്തിൽ,സ്‌കൂളുകളുടെ എണ്ണം കൂട്ടുക എന്നതിലുപരി, നിലവിലുള്ള സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന നയമാണ് നമ്മൾ സ്വീകരിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ സമഗ്രമായ ഗുണനിലവാരത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഈ കണക്കുകൾ അടിവരയിടുന്നതെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

കേന്ദ്ര ലേബർ കോഡുകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ നിലപാടും തുടർനടപടികളും കേന്ദ്ര സർക്കാർ 29 തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ച് കൊണ്ടുവന്ന നാല് ലേബർ കോഡുകൾ (വേതന കോഡ്, വ്യവസായ ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷ-ആരോഗ്യം കോഡ് എന്നിവ) 2025 നവംബർ 21 മുതൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

2019-ൽ കേന്ദ്രം ഈ പരിഷ്കരണങ്ങൾ തുടങ്ങിയപ്പോൾ മുതൽ, 2020-ൽ ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അന്ന് കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയും അഭിപ്രായങ്ങൾ തേടുകയും ചെയ്തിരുന്നു. എന്നാൽ, ഏകപക്ഷീയമായി ഇത് നടപ്പിലാക്കാൻ കേരളം തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് 2022 ജൂലൈ 2ന് തിരുവനന്തപുരത്ത് ട്രേഡ് യൂണിയൻ പ്രതിനിധികൾ, മാനേജ്മെന്റ്പ്രതിനിധികൾ, നിയമ വിദഗ്ധർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിപുലമായ ഒരു ശില്പശാല സംഘടിപ്പിച്ചിരുന്നു.

അന്ന് തൊഴിലാളി യൂണിയനുകൾ ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധതയ്ക്കെതിരെ നിശിതമായ വിമർശനം ഉന്നയിച്ചു. ആ വികാരം മാനിച്ചുകൊണ്ട്, സംസ്ഥാനം തുടർനടപടികൾ സ്വീകരിക്കേണ്ടതില്ല എന്ന് തൊഴിൽ മന്ത്രി എന്ന നിലയിൽ ഞാൻ അന്ന് നിർദ്ദേശം നൽകി. കഴിഞ്ഞ മൂന്നു വർഷമായി ഈ വിഷയത്തിൽ സംസ്ഥാനം ഒരു തുടർനടപടിയും സ്വീകരിച്ചിട്ടില്ല എന്നത് ഞങ്ങളുടെ ഉറച്ച നിലപാടിന്റെ തെളിവാണ്.

കഴിഞ്ഞ നവംബർ 11, 12 തീയതികളിൽ ഡൽഹിയിൽ നടന്ന സംസ്ഥാന തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ ഞാൻ നേരിട്ട് പങ്കെടുത്തിരുന്നു. അവിടെ വെച്ച് ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി കേരളത്തിന്റെ ശക്തമായ വിയോജിപ്പ് കേന്ദ്ര തൊഴിൽ മന്ത്രിയെ അറിയിച്ചിട്ടുള്ളതാണ്.

പ്രസ്തുത യോഗത്തിൽ കേരളം ഉന്നയിച്ച ആശങ്കകളെ കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രി മറുപടി പറഞ്ഞു. കേരളം ഉന്നയിച്ച പ്രകാരം ട്രേഡ് യൂണിയനുകളുടെ ആശങ്ക പരിഹരിക്കാൻ അടുത്തദിവസം തന്നെ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചിരുന്നു. എന്നാൽ അത് നടപ്പിലാക്കാതെയാണ് പൊടുന്നനെ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

കേന്ദ്ര വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുടെ ഒരു അടിയന്തര യോഗം നാളെ വിളിച്ചു ചേർത്തിട്ടുണ്ട്. യൂണിയനുകളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ സർക്കാർ തുടർനടപടികളിലേക്ക് കടക്കൂ. കൂടാതെ, ഈ വിഷയത്തിൽ ദേശീയതലത്തിൽ ശ്രദ്ധ ക്ഷണിക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു 'ദേശീയ ലേബർ കോൺക്ലേവ്' സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളെയും നിയമ വിദഗ്ധരെയും ഇതിൽ പങ്കെടുപ്പിക്കും. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെയും ഈ കോൺക്ലേവിലേക്ക് ക്ഷണിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് മാത്രമേ കേരള സർക്കാർ ഏതൊരു തീരുമാനവും കൈക്കൊള്ളുകയുള്ളൂ എന്ന് വീണ്ടും ഉറപ്പു നൽകുന്നു. കേരളം ഒഴികെ ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ലേബർ കോഡുകൾ സംബന്ധിച്ച ചട്ടങ്ങൾ തയ്യാറാക്കി കേന്ദ്രത്തിന് നൽകിയിട്ടുണ്ട് എന്ന കാര്യം കൂടി ഓർമപ്പെടുത്തുകയാണെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolsV SivankuttyLatest NewsSupreme Court
News Summary - Supreme Court verdict to allow school; Minister Sivankutty says he will file a review petition
Next Story