പാലിയേക്കരയിൽ ടോൾ പിരിക്കേണ്ടെന്ന് സുപ്രീംകോടതിയും; ദേശീയ പാത അതോറിറ്റിയുടെ അപ്പീൽ തള്ളി
text_fieldsന്യൂഡൽഹി: മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ പാലിയേക്കര ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈകോടതി ഉത്തരവ് തുടരും. വിധിക്കെതിരെ ദേശീയ പാത അതോറിറ്റി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.
ഹൈകോടതി വിധിയിൽ ഇടപെടാൻ യാതൊരു കാരണവും കാണുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ച് അപ്പീൽ തള്ളിയത്. പൗരന്മാർക്ക് അവരുടെ നികുതിപ്പണം കൊണ്ട് നിർമിച്ച റോഡുകളിൽ കൂടുതൽ പണം നൽകാതെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്. സുഗമമായ ഗതാഗതം ഉറപ്പാക്കാനും സാഹചര്യം നിരീക്ഷിക്കാനും ഹൈകോടതി ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു
മണ്ണൂത്തി ഇടപ്പള്ളി ദേശീയ പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ദേശീയ പാത അതോറിറ്റി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് ഹൈകോടതി തടഞ്ഞത്. ഗതാഗത കുരുക്ക് പരിഹരിക്കാതെ ടോള്‍ പിരിവ് നടത്തരുതെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, ഒ.ജെ. ജെനീഷ് എന്നിവരാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. മൂന്ന് ആഴ്ചക്കുള്ളില്‍ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് ദേശീയ പാത അതോറിറ്റി ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, പാലിയേക്കരയിലെ ടോള്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഹൈകോടതിയിലെ ഹരജിക്കാരനായ കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ടോള്‍ പിരിക്കുന്നത് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും നല്‍കിയ അപ്പീലുകളില്‍ രണ്ടു ദിവസമാണ് സുപ്രീം കോടതിയില്‍ വാദം നടന്നത്. അപ്പീലുകളില്‍ സംസ്ഥാന സര്‍ക്കാറും എതിര്‍കക്ഷികളാണ്. എന്നിട്ടും ജനം റോഡില്‍ അനുഭവിക്കുന്ന ദുരിതം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറായില്ല.
സര്‍ക്കാറിന്റെ സ്റ്റാൻഡിങ് കൗണ്‍സല്‍മാര്‍ ആരും വാദം നടന്ന രണ്ടുദിവസവും കോടതിയില്‍ ഹാജരായില്ല. ഇതുവഴി കരാര്‍ കമ്പനിക്ക് ഒത്താശ ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. റോഡില്‍ നരകയാതന അനുഭവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളി ആയി മാത്രമേ ഇതിനെ കാണാനാവൂ. ഹൈകോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും സുപ്രീം കോടതിയെ സമീപിക്കുമെന്നത് സ്വാഭാവികമായും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ സാഹചര്യത്തിലാണ് തടസ ഹരജിയുമായി താന്‍ സുപ്രീം കോടതിയിലെത്തിയതെന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

