നഷ്ടപരിഹാരം തീരുമാനിക്കേണ്ടത് തങ്ങളല്ല; എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡല്‍ഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ടൗൺഷിപ് നിർമിക്കാൻ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകളാണ് കോടതിയെ സമീപിച്ചത്.
ഭൂമി കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് എസ്റ്റേറ്റ് ഉടമകള്‍ ഹൈകോടതിയില്‍ പറഞ്ഞതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തര്‍ക്കം നഷ്ടപരിഹാര തുകയെക്കുറിച്ചാണെന്ന് ജസ്റ്റിസുമാരായ സുബ്രമണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. എസ്റ്റേറ്റ് ഭൂമിയിലെ കെട്ടിടങ്ങള്‍, മരങ്ങള്‍, തേയില ചെടികള്‍, മറ്റ് കാര്‍ഷിക വിളകള്‍ എന്നിവയെല്ലാം ഉൾപ്പെടുത്തി 26.56 കോടി രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച തുക വളരെ കുറവാണെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളുടെ പരാതി. 2013 ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 26 -ാം വകുപ്പ് പ്രകാരം നഷ്ടപരിഹാര തുക കണക്കാക്കിയാല്‍ ഇത് വളരെ കുറവായിരിക്കുമെന്നും ഉടമകൾ വാദിച്ചു.
അതിനിടെ, ടൗണ്‍ഷിപ് നിർമാണത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ഹൈകോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് എസ്റ്റേറ്റ് ഉടമകള്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനെ സംസ്ഥാന സര്‍ക്കാർ സുപ്രീംകോടതിയില്‍ എതിര്‍ത്തു.
നഷ്ടപരിഹാരം തീരുമാനിക്കേണ്ടത് തങ്ങളല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമത്തില്‍ അനുശാസിക്കുന്നപോലെ ഭൂമി വില സംബന്ധിച്ച തര്‍ക്കം ഉണ്ടെങ്കില്‍ അത് ബന്ധപ്പെട്ട സംവിധാനത്തിലാണ് ഉന്നയിക്കേണ്ടത്. ഹൈകോടതിയുടേത് ഇടക്കാല ഉത്തരവാണ്. പ്രധാന ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

