കെ.എ.എസ് സംവരണത്തിനെതിരായ ഹരജികൾ സുപ്രീംകോടതി തള്ളി
text_fieldsന്യൂഡല്‍ഹി: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) പ്രവേശനത്തിന് ഇരട്ട സംവരണം ഏർപ്പെടുത്തിയെന്ന് ആരോപിച്ച് നല്കിയ ഹരജികള്‍ സുപ്രീംകോടതി തള്ളി. കെ.എ.എസിലേക്കുള്ള പ്രവേശനം പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആയതിനാല്‍ പുതിയ നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ച് ഹരജികൾ തള്ളിയത്. കെ.എ.എസിലേക്ക് സർക്കാർ സർവിസിലുള്ളവരെ പരിഗണിക്കുമ്പോൾ വീണ്ടും സംവരണം നൽകുന്നത് ഹൈകോടതി ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സമസ്ത നായർ സമാജം ഉൾപ്പടെയുള്ള സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നേരിട്ട് പ്രവേശനം ലഭിക്കാന്‍ അപേക്ഷ നല്കുന്നവര്ക്കും സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കെ.എ.എസ് പരീക്ഷയും അഭിമുഖവും പാസാകേണ്ടതുണ്ട്. അതിനാല്‍ സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് കെ.എ.എസിലേക്ക് എത്തുന്നവര്‍ക്ക് സര്‍വിസിന്റെ തുടര്‍ച്ച ലഭിക്കില്ല. ജോലിയില്‍ പ്രവേശിക്കുന്നതുമുതല്‍ ഉള്ള സീനിയോറിറ്റി മാത്രമേ ലഭിക്കുകയുള്ളു. ഒരിക്കല്‍ സംവരണം ലഭിച്ചവര്‍ക്ക് വീണ്ടും സംവരണ ആനുകൂല്യം ലഭിക്കുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിയമന മാനദണ്ഡങ്ങള്‍, സംവരണം, യോഗ്യത, പ്രായപരിധി തുടങ്ങിയവ തീരുമാനിക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കേരള പബ്ലിക് സർവിസ് കമീഷനും കോടതിയില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

