ഓർത്തഡോക്സ്, യാക്കോബായ കണക്കെടുപ്പ് തടയണമെന്ന ആവശ്യം തള്ളി; വിശദാംശങ്ങൾ സുപ്രീംകോടതിക്കേ കൈമാറാവൂവെന്ന് നിർദേശം
text_fieldsന്യൂഡൽഹി: കേരളത്തിലെ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ പള്ളികളുടെയും വിശ്വാസികളുടെയും കണക്കെടുപ്പ് തടയണമെന്ന ഓർത്തഡോക്സ് സഭയുടെ ആവശ്യം സുപ്രീംകോടതി തള്ളി. അതേസമയം സഭയുടെ ആവശ്യം പരിഗണിച്ച് കണക്കെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ കോടതിക്ക് മാത്രമേ കൈമാറാവൂവെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ. സിങ് എന്നിവരടങ്ങുന്ന ബെഞ്ച് സംസ്ഥാന സർക്കാറിന് നിർദേശം നൽകി.
കേരളത്തിൽ ഓർത്തഡോക്സ്-യാക്കോബായ പള്ളി തർക്കങ്ങളെതുടർന്ന് ഇരുസഭകളിലും എത്ര പേരുണ്ടെന്നും ഇവർക്ക് എത്ര പള്ളികളുണ്ടെന്നും പഞ്ചായത്തുതല കണക്ക് നൽകാൻ ഡിസംബറിലാണ് സുപ്രീംകോടതി സർക്കാറിനോട് ആവശ്യപ്പെട്ടത്. ഈ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്. പള്ളികളുടെ അവകാശം സുപ്രീംകോടതി തീർപ്പാക്കിയശേഷം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ വിഷയം വീണ്ടും പരിഗണിക്കരുതെന്ന് കാണിച്ചായിരുന്നു ഓർത്തഡോക്സ് വിഭാഗത്തിന്റെ അപേക്ഷ.
എന്നാൽ, വിധികൾ പുനഃപരിശോധിക്കുകയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മറിച്ച് ഇരു വിഭാഗങ്ങൾക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യത തേടുന്നതിനാണ് കണക്കെടുപ്പ്. മതപരമായ വിഷയമായതിനാൽ അതീവ ജാഗ്രതയോടെയാണ് വിഷയത്തെ സമീപിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. കണക്കെടുപ്പ് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഓർത്തഡോക്സ് വിഭാഗം വാദിച്ചപ്പോൾ അത് കോടതിയെ അറിയിക്കേണ്ടത് സംസ്ഥാന സർക്കാറാണെന്ന് കോടതി മറുപടി നൽകി.
കണക്കെടുപ്പ് വിവരങ്ങൾ ഇപ്പോൾ പരസ്യപ്പെടുത്തുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്കിടയാക്കുമെന്നതിനാൽ മുദ്രവെച്ച കവറിൽ കൈമാറാൻ സർക്കാറിനോട് നിർദേശിക്കണമെന്ന ഓർത്തഡോക്സ് സഭയുടെ ആവശ്യം ബെഞ്ച് അംഗീകരിച്ചു. തുടർന്നാണ് കണക്കെടുപ്പിന്റെ വിശദാംശങ്ങൾ കോടതിക്ക് മാത്രം കൈമാറാൻ സംസ്ഥാന സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചത്. സഭാ തർക്കവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിയിൽ ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ നടപടിക്കെതിരായ ഹരജിയിൽ ഈ മാസം 29 മുതൽ സുപ്രീംകോടതി വിശദവാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

