കട്ട് ഓഫ് മാർക്കുള്ള സംവരണ വിഭാഗക്കാർക്ക് ജനറൽ േക്വാട്ടയിൽ പ്രവേശനം നൽകണമെന്ന് സുപ്രീംകോടതി
text_fields
കേരള ഹൈകോടതിക്ക് സുപ്രീംകോടതിയുടെ തിരുത്ത്
ന്യൂഡൽഹി: ജനറൽ വിഭാഗത്തിനുള്ള കട്ട് ഓഫ് മാർക്ക് നേടുന്ന സംവരണ വിഭാഗക്കാർക്ക് ജനറൽ കാറ്റഗറിയിൽതന്നെ ജോലിയിൽ പ്രവേശിക്കാനാകുമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ സുന്ദരേശ്, സതീഷ് ചന്ദ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർണായക വിധി. സംവരണ വിഭാഗത്തിൽ വരുന്ന ഉദ്യോഗാർഥിക്ക് ജനറൽ വിഭാഗത്തിന് നിഷ്കർഷിച്ചിരിക്കുന്ന കട്ട് ഓഫ് മാർക് ഉണ്ടെങ്കിൽ അവരെ ആദ്യം പൊതുപട്ടികയിലാണ് ഉൾപ്പെടുത്തേണ്ടതെന്നും ഇങ്ങനെ ചെയ്യുന്നപക്ഷം മറ്റൊരു സംവരണ വിഭാഗക്കാരനുകൂടി തൊഴിൽ അവസരം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. 2020ൽ കേരള ഹൈകോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഉത്തരവ്.
2013ൽ ആണ് ഈ കേസുമായി ബന്ധപ്പെട്ട സംഭവം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഫയർ സർവിസ് ജൂനിയർ അസിസ്റ്റന്റായി 245 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിൽ ജനറൽ വിഭാഗത്തിലുള്ള 122 തസ്തികകളിലേക്ക് സംവരണ വിഭാഗങ്ങളെ അടക്കം ഉൾപ്പെടുത്തിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് വെയ്റ്റിങ് ലിസ്റ്റിൽ പത്താമതുള്ള ശ്യാം കൃഷ്ണ എന്ന ഉദ്യോഗാർഥി ഹൈകോടതിയെ സമീപിച്ചു.
സംവരണ വിഭാഗങ്ങളെ സംവരണ പട്ടികയിലേ പരിഗണിക്കാവൂ എന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഹരജിക്കാരന് അനുകൂലമായിട്ടായിരുന്നു ഹൈകോടതി വിധി. അതിന്റെ ഫലമായി ശ്യാമിന് നിയമനം ലഭിക്കുകയും ചെയ്തു. ഇതിനെതിരായ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

