എസ്.ഐ.ആറിൽ സുപ്രീംകോടതി; കേരളത്തിൽ വോട്ട് നീക്കിയവരുടെ സമയം നീട്ടണം
text_fieldsന്യൂഡൽഹി: കേരളത്തിലെ എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയവർക്ക് പരാതി സമർപ്പിക്കാൻ സമയപരിധി നീട്ടിനൽകുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. വെട്ടിമാറ്റപ്പെട്ടവരുടെ പേരുവിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിന് പുറമെ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫിസുകളിലും സർക്കാർ ഓഫിസുകളിലും പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
24 ലക്ഷം പേരുകൾ 2025ലെ വോട്ടർപട്ടികയിൽനിന്ന് കമീഷൻ വെട്ടിമാറ്റിയതിൽ പലരും യഥാർഥ വോട്ടർമാരാണെന്നും അവർക്ക് തങ്ങളുടെ എതിർവാദം സമർപ്പിക്കാൻ സമയം നൽകേണ്ടതുണ്ടെന്നും ഹരജിക്കാരുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ, വെട്ടിമാറ്റപ്പെട്ടവരുടെ പട്ടിക ലഭ്യമാക്കിയിട്ടില്ല. അത് കിട്ടിയശേഷം എന്തുകൊണ്ട് വെട്ടിമാറ്റിയെന്ന് വോട്ടർമാർക്ക് കമീഷനോട് ചോദിക്കാൻ അവസരം നൽകേണ്ടതുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ വാദത്തെ എതിർത്ത തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകൻ നേരത്തേയുള്ള സുപ്രീംകോടതി ഉത്തരവ് പ്രകാരം വെട്ടിമാറ്റിയവരുടെ പട്ടിക ലഭ്യമാക്കിയിട്ടുണ്ടെന്ന് വാദിച്ചു. എന്നാൽ, ഈ വാദം ഗൗനിക്കാതെ സുപ്രീംകോടതി ഉത്തരവ് നൽകുകയായിരുന്നു.
കരട് പട്ടികയിൽനിന്ന് വെട്ടിമാറ്റപ്പെട്ടവരുടെ പട്ടിക എല്ലാ ഗ്രാമപഞ്ചായത്ത് ഓഫിസുകളിലും അതത് ഗ്രാമങ്ങളിലെ മറ്റു സർക്കാർ ഓഫിസുകളിലും പ്രദർശിപ്പിക്കണമെന്ന് ബെഞ്ച് നിർദേശിച്ചു. വെട്ടിമാറ്റപ്പെട്ടവരുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം. ജനങ്ങൾക്ക് വലിയതോതിൽ പ്രയാസങ്ങളുണ്ടാകുന്നത് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമീഷൻ വെട്ടിമാറ്റപ്പെട്ടവരുടെ പരാതികൾ സമർപ്പിക്കാനുള്ള തീയതി നീട്ടിനൽകുന്ന കാര്യംകൂടി പരിഗണിക്കണമെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

