ഗവർണർക്കെതിരായ കേരളത്തിന്‍റെ ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: നിയമസഭകൾ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകാൻ വൈകുന്നതിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി നേട്ടീസ്. കേന്ദ്ര സർക്കാറിനും ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കുമാണ് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാറിനു വേണ്ടി സോളിസിറ്റർ ജനറലും അഡീഷണൽ സോളിസിറ്റർ ജനറലും കോടതിയിൽ ഹാജരാകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേരളത്തിന്‍റെ ഹരജി വെള്ളിയാഴ്ച് വീണ്ടും പരിഗണിക്കും.
കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനും തമിഴ്നാട്ടിൽ ആർ.എൻ. രവിയും ഗവർണർ പദവിയിലിരുന്ന് അതത് സർക്കാറുകളുമായി ഏറ്റുമുട്ടുന്നതിനിടെയാണ് പോരാട്ടം സുപ്രീംകോടതിയിലേക്ക് നീണ്ടത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കുന്നത് ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കേരളം ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവർണറുടെ നിഷ്ക്രിയത്വം കാരണം വൈകുന്നത്. ജനക്ഷേമത്തിനായുള്ള പൊതുതാൽപര്യമുള്ള ബില്ലുകളാണിതെന്നും ഹരജിയിൽ പറയുന്നു.
നിയമസഭ പാസാക്കിയ ബില്ലുകൾ ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം സംസ്ഥാന നിയമസഭ ഗവർണറുടെ അംഗീകാരത്തിനായി അയച്ചതാണ്. മൂന്ന് ബില്ലുകൾ രണ്ട് വർഷത്തിലേറെയായി ഗവർണറുടെ കൈയിലുണ്ട്. മൂന്നെണ്ണം ഗവർണർക്ക് കൈമാറിയിട്ട് ഒരു വർഷത്തിലേറെയായി.
ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളെ അട്ടിമറിക്കാനും തോൽപിക്കാനും ജനക്ഷേമപദ്ധതികളുള്ള ബിൽ വൈകിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ അവകാശത്തെ ഹനിക്കാനുമാണ് ഗവർണർ ശ്രമിക്കുന്നത്. തനിക്ക് ഇഷ്ടമുള്ളപ്പോൾ തീരുമാനിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കരുതുന്നത് ഭരണഘടനയെ പൂർണമായും അട്ടിമറിക്കലാണെന്നും ഗവർണറുടെ പെരുമാറ്റം സ്വേച്ഛാധിപത്യപരവും ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്നും ഹരജിയിൽ കൂട്ടിച്ചേർത്തു.
തമിഴ്നാടിന്റെ ഹരജി ഈ മാസം പത്തിന് കോടതി പരിഗണിച്ച ശേഷം ഇന്നേക്ക് മാറ്റിയതായിരുന്നു. ഗവർണർ ആർ.എൻ. രവി തിരിച്ചയച്ചതിന് പിന്നാലെ തമിഴ്‌നാട് നിയമസഭ പ്രത്യേക സമ്മേളനം ശനിയാഴ്ച ചേർന്ന് പത്ത് ബില്ലുകൾ വീണ്ടും പാസാക്കി ഗവർണറുടെ അനുമതിക്കായി അയച്ചിട്ടുണ്ട്. ബില്ലുകൾ വൈകിപ്പിക്കുന്നതിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹരജിയിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു.