കാട്ടാക്കടയിൽ 15കാരനെ കാറിടിച്ചു കൊന്ന കേസ്; പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കാട്ടാക്കടയിലെ പതിനഞ്ചുകാരന്‍ ആദിശേഖറിനെ കാറിടിച്ചു കൊന്ന കേസിൽ പ്രതി പ്രിയരഞ്ജന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. പ്രിയരഞ്ജന് കോടതി ജാമ്യം അനുവദിച്ചു.
വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ നടപടി. ആദിശേഖറിനെ കൊല്ലാനുള്ള ഉദ്ദേശം പ്രതിക്ക് ഇല്ലായിരുന്നു എന്നാണ് വിചാരണക്കോടതി നിരീക്ഷിച്ചിരുന്നത്. ഈ നിരീക്ഷണം ഉണ്ടായിട്ടും ജീവപര്യന്തം ശിക്ഷ വിധിച്ചതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി മരവിപ്പിച്ചത്.
പൂവച്ചല്‍ സ്വദേശിയായ പത്താം ക്ലാസുകാരനായിരുന്ന ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 2023 ആഗസ്റ്റ് 30നായിരുന്നു സംഭവം. ആദ്യം സാധാരണ അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സി.സി.ടി.വി ദൃശ്യം പുറത്തുവന്നതാണ് വഴിത്തിരിവായത്. തുടര്‍ന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ കാറുമായി കാത്തിരുന്ന പ്രതി പിന്തുടര്‍ന്നെത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിയെ തമിഴ്‌നാട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്.
പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകനാണ് കൊല്ലപ്പെട്ട ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

