Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചീഫ് ജസ്റ്റിസിനെ വിമർശിച്ച് പുലിവാല് പിടിച്ച് കെപിസിസി; മുഴുവൻ ഭാരവാഹികൾക്കും സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ്

text_fields
bookmark_border
ചീഫ് ജസ്റ്റിസിനെ വിമർശിച്ച് പുലിവാല് പിടിച്ച് കെപിസിസി; മുഴുവൻ ഭാരവാഹികൾക്കും സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ്
cancel

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) മുഴുവൻ ഭാരവാഹികൾക്കും സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ഏതെങ്കിലും പാർട്ടിയുടെ 'രാഷ്ട്രീയ സൗകര്യത്തിന്' അനുസരിച്ച് ഉപയോഗിക്കാനുള്ളതല്ലെന്ന് പരമോന്നത കോടതി അതിരൂക്ഷമായ ഭാഷയിൽ നിരീക്ഷിച്ചു. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചുകൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഭരണഘടനയാണ് പരമോന്നതമെന്നും ഏതെങ്കിലും വ്യക്തിയോ രാഷ്ട്രീയ പ്രസ്ഥാനമോ അതിന് അതീതരല്ലെന്നും കോടതി വ്യക്തമാക്കി.

'വിമർശനങ്ങൾ സ്വാഗതം ചെയ്യാം, ഭീഷണി അനുവദിക്കില്ല': സുപ്രീംകോടതി

കോടതികളെയും ജഡ്ജിമാരെയും വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് സുപ്രീം കോടതി നൽകിയത്. 'കോടതി വിധികളെ ആർക്കും വിമർശിക്കാം; വിധികൾ എപ്പോഴും ആരോഗ്യപരമായ വിമർശനങ്ങൾക്ക് തുറന്നതാണ്. എന്നാൽ നീതിനിർവഹണത്തിൽ ഇടപെടാനും ഭീഷണിപ്പെടുത്താനുമുള്ള പരിചയായി അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല. ഏതൊരാൾ എത്ര ഉന്നതമായ പദവിയിലിരിക്കുന്ന ആളായാലും, കോടതിയുടെ അധികാരത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഏത് ശ്രമത്തെയും ഇരുമ്പുമുഷ്ടിയോടെ നേരിടേണ്ടതുണ്ട്', ബെഞ്ച് ചൂണ്ടിക്കാട്ടി.

'കോടതിയുടെ അധികാരത്തിന് രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരമോ പിന്തുണയോ ആവശ്യമില്ല; അത് നിയമവാഴ്ചയിലാണ് അധിഷ്ഠിതമായിരിക്കുന്നത്. നീതിനിർവഹണം ഉറപ്പുവരുത്താൻ നിയമം അതിന്റെ വഴിക്ക് പോകും', കോടതി കൂട്ടിച്ചേർത്തു. വിഷയത്തിൽ സിവിൽ കോടതിയലക്ഷ്യമാണോ ക്രിമിനൽ കോടതിയലക്ഷ്യമാണോ ബാധകമാകുക എന്ന് പരിശോധിക്കാൻ സുപ്രീംകോടതി ഒരു മുതിർന്ന അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. കൂടാതെ കേന്ദ്ര സർക്കാരിന്റെ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ സഹായവും കോടതി തേടിയിട്ടുണ്ട്.

പോസ്റ്റും വിവാദങ്ങളും

ഒക്ടോബർ 12-നാണ് കേരളത്തിലെ കോൺഗ്രസിന്റെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിൽ നിന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിട്ട് ലക്ഷ്യമിട്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വ്യാപകമായ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ കോൺഗ്രസ് ഹാൻഡിൽ നിന്ന് പോസ്റ്റ് പിൻവലിച്ചിരുന്നു. പോസ്റ്റ് പങ്കുവെച്ച വ്യക്തിയെ ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായി പാർട്ടി നേതൃത്വം പിന്നീട് വിശദീകരിക്കുകയും ചെയ്തു. എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സംസ്ഥാനത്തെ മുഴുവൻ കെ.പി.സി.സി ഭാരവാഹികൾക്കുമെതിരെ സുപ്രീംകോടതി ഇപ്പോൾ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോയിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SC Issues Contempt Notices to KPCC Leadership Over Post Targeting CJI Surya Kant
Next Story