കേരളത്തിൽ ഒരു കിലോമീറ്ററിൽ സർക്കാർ എൽ.പി സ്കൂളും മൂന്ന് കിലോമീറ്ററിൽ യു.പി സ്കൂളും അനുവദിക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു കിലോമീറ്റർ പരിധിയിൽ സർക്കാർ എൽ.പി സ്കൂളുകളും മൂന്ന് കിലോമീറ്റർ പരിധിയിൽ സർക്കാർ യു.പി സ്കൂളുകളും സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭാ പരിധിയിലെ എലാമ്പ്രയിൽ സർക്കാർ എൽ.പി സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാതിരുന്ന സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ചാണ് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. നൂറുശതമാനം സാക്ഷരതയുള്ള കേരളം പോലുള്ള സംസ്ഥാനം വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാൻ തയാറാകാത്തതിൽ സുപ്രീംകോടതി അമ്പരപ്പ് പ്രകടിപ്പിച്ചു.
ഫണ്ടില്ലെന്ന് പറഞ്ഞോ കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ചൂണ്ടിക്കാട്ടിയോ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ചവരുത്താൻ സർക്കാറിനാവില്ല. കേരളം നൂറുശതമാനം സാക്ഷരത കൈവരിച്ചത് വിദ്യാഭ്യാസ മേഖലയിൽ പണം ചെലവിട്ടത് കൊണ്ടാണ്. അതിൽ കേരളം അഭിമാനിക്കുന്നുമുണ്ട്.
മഞ്ചേരി എലാമ്പ്രയിൽ സർക്കാർ എൽ.പി സ്കൂൾ സ്ഥാപിക്കുന്നതിന് പകരം മൂന്ന് കിലോമീറ്റർ അപ്പുറത്തേക്കുള്ള സ്കൂളിൽ ബസിൽ കുട്ടികളെ സർക്കാർ ചെലവിൽ കൊണ്ടുപോകാം എന്ന സംസ്ഥാന സർക്കാറിന്റെ വാദം സുപ്രീംകോടതി തള്ളി. ബസിൽ സ്കൂളുകളിലെത്തിക്കാനല്ല, ഒരു കിലോമീറ്റർ പരിധിയിൽ സ്കൂളുകൾ സ്ഥാപിക്കാനാണ് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്കൂളുകൾ സ്ഥാപിക്കാൻ ആറ് മാസത്തിനകം നടപടി ആരംഭിക്കണം. വിധി എയ്ഡഡ് മേഖലക്കും സ്വകാര്യ മേഖലക്കും ബാധകമാകില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
ചരിത്രവിധിയിലേക്ക് നയിച്ച മഞ്ചേരിക്കാരുടെ നിയമയുദ്ധം
1985ലാണ് മഞ്ചേരി എലാമ്പ്രയിൽ സർക്കാർ എൽ.പി സ്കൂൾ വേണമെന്ന ആവശ്യം ആദ്യമായി നാട്ടുകാർ ഉന്നയിക്കുന്നതെന്ന് പൊതുപ്രവർത്തകനായ മുഹമ്മദ് ഫൈസി ബോധിപ്പിച്ചിരുന്നു. തുടർന്ന് സർക്കാർ എൽ.പി സ്കൂളിനായി നാട്ടുകാർ പിരിവെടുത്ത് ഒരേക്കർ ഭൂമി വാങ്ങി. കെട്ടിടം നിർമിച്ചുനൽകാമെന്ന് മഞ്ചേരി നഗരസഭയും അറിയിച്ചു. എന്നിട്ടും സർക്കാർ സ്കൂൾ അനുവദിച്ചില്ല. പിന്നീട് ബാലാവകാശ കമീഷനും മനുഷ്യാവകാശ കമീഷനും നാട്ടുകാർ പരാതി നൽകി. തുടർന്ന് മുഹമ്മദ് ഫൈസി ഹൈകോടതിയെ സമീപിച്ചപ്പോൾ ഒരു കിലോമീറ്റർ പരിധിയിൽ എൽ.പി സ്കൂളില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എൽ.പി സ്കൂൾ നിർമിക്കാൻ ഹൈകോടതി ഉത്തരവിട്ടു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലെത്തിയപ്പോഴാണ് കനത്ത തിരിച്ചടിയായ ഈവിധി.
1. സർക്കാർ ഭൂമിയില്ലെങ്കിൽ പഞ്ചായത്തുകളും നഗരസഭകളും ഭൂമി നൽകണം
2. സ്വന്തം കെട്ടിടമില്ലെങ്കിൽ വാടകക്കെടുക്കണം
3. അധ്യാപകരെ ലഭിച്ചില്ലെങ്കിൽ വിരമിച്ച അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കണം
4. ഒരു വർഷത്തിനുള്ളിൽ സ്ഥിരം അധ്യാപകരെ നിയമിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

