Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസജി ചെറിയാനും എ.കെ...

സജി ചെറിയാനും എ.കെ ബാലനുമെതിരെ രൂക്ഷ വിമർശനവുമായി സുപ്രഭാതം എഡിറ്റോറിയൽ; ‘സംഘ്പരിവാർ നേതാക്കളും ഇതേ പ്രചാരണവുമായാണ് വോട്ടുതേടിയിറങ്ങിയതെന്ന് ഓർക്കണം...’

text_fields
bookmark_border
സജി ചെറിയാനും എ.കെ ബാലനുമെതിരെ രൂക്ഷ വിമർശനവുമായി സുപ്രഭാതം എഡിറ്റോറിയൽ; ‘സംഘ്പരിവാർ നേതാക്കളും ഇതേ പ്രചാരണവുമായാണ് വോട്ടുതേടിയിറങ്ങിയതെന്ന് ഓർക്കണം...’
cancel

കോഴിക്കോട്: സി.പി.എം നേതാക്കളുടെ വർഗീയ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത ഇ.കെ വിഭാഗത്തിന്‍റെ ദിനപത്രം സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം. മലപ്പുറം ജില്ലാ പഞ്ചായത്തിലും കാസർകോട് മുനിസിപ്പാലിറ്റിയിലും ജയിച്ചുവന്നവരുടെ പേരെടുത്തു നോക്കൂ എന്ന് എങ്ങനെയാണ് ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് മലയാളികളോട് പറയാൻ കഴിയുന്നതെന്ന് ‘ഈ തീക്കളി, ചാമ്പലാക്കും മതേതര കേരളത്തെ’ എന്ന തലക്കെട്ടിലെ എഡിറ്റോറിയലിൽ ചോദിക്കുന്നു.

സജി ചെറിയാനെയും എ.കെ ബാലനെയും പോലുള്ള സി.പി.എം നേതാക്കൾക്ക് ഇത്തരം വിഷംതീണ്ടൽ പരാമർശങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കയറിനിന്ന് ഇത്രയും ഉച്ചത്തിൽ പറയാൻ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത് എന്ന് എഡിറ്റോറിയൽ ചോദിക്കുന്നു. നരേന്ദ്രമോദിയും അമിത്ഷായും ഉൾപ്പെടെ സംഘ്പരിവാർ നേതാക്കളും ഇതേ പ്രചാരണവുമായാണ് വോട്ടുതേടിയിറങ്ങിയതെന്ന് ഓർക്കണമെന്നും എഡിറ്റോറിയലിൽ പറയുന്നു. പ്രസക്ത ഭാഗങ്ങൾ:

‘കേരളത്തിലെ മക്കയെന്ന വിളിപ്പേരുള്ള പൊന്നാനിയിൽ പി. നന്ദകുമാറാണ് എം.എൽ.എ. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലുമൊക്കെ ജയിച്ചുവരുന്നവരുടെ പേരിലെ മതം പരതാൻ എന്തുകൊണ്ടാണ് സജി ചെറിയാൻ മടിക്കുന്നത്. ഇതൊന്നുമറിയാതെയാണോ സാംസ്‌കാരികമന്ത്രി കേരളത്തെ ഹിന്ദുവെന്നും മുസ്‌ലിമെന്നും ക്രിസ്ത്യനിയെന്നും പേരുനോക്കി വർഗീകരിക്കാൻ കോപ്പുകൂട്ടുന്നത്. അങ്ങനെയെങ്കിൽ ഈ അസുഖത്തിന് മതിയായ ചികിത്സ വേണം. അതല്ലെങ്കിൽ ഈ വ്യാധി മതേതര കേരളത്തിന്റെ മനസിലേക്കുകൂടി പടരും.’

‘യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുസ്‌ലിംകളിലെ ഒരു കൂട്ടർ ആഭ്യന്തരവകുപ്പ് ഭരിക്കുമെന്നും മാറാടുകൾ ആവർത്തിക്കുമെന്നുമുള്ള സി.പി.എം മുൻ കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്റെ പ്രസ്താവനയും കുറച്ചുനാൾ മുമ്പാണ് കേരളം കേട്ടത്. സി.പി.എം നേതാക്കളിൽ പലരും ഒരേ സ്വരത്തിൽ തുടരെത്തുടരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് യാദൃച്ഛികമല്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്കു ബോധ്യമാവും.’

‘കേരളത്തിൽ ഹിന്ദുത്വരാഷ്ട്രീയം വേരുറപ്പിക്കാൻ ശ്രമിച്ച കാലത്തൊക്കെ ജീവൻനൽകിയും അതിനെ ചെറുത്ത ചരിത്രമാണ് സി.പി.എമ്മിനുണ്ടായിരുന്നത്. എന്നാൽ, ആ പ്രതിരോധങ്ങളെ മുഴുവൻ റദ്ദുചെയ്യുന്ന നിലപാടു മാറ്റങ്ങൾ അടുത്തകാലത്തായി ഇടതുകേന്ദ്രങ്ങളിൽ നിരന്തരം സംഭവിക്കുന്നത് ഭയജനകമാണ്. സംഘ്പരിവാർ നേതാക്കൾ വമിപ്പിക്കുന്ന അതേ വിദ്വേഷവാക്കുകൾ സി.പി.എം നേതാക്കളിൽ നിന്നും സമുദായ നേതാക്കളിൽനിന്നും കേൾക്കേണ്ടിവരുന്നതും വല്ലാത്ത ദുര്യോഗമാണ്.’

‘ഉത്തരേന്ത്യയിൽ പല രാഷ്ട്രീയപാർട്ടികളും പരീക്ഷിച്ച് പരാജയപ്പെട്ട വഴിയാണ് കേരളത്തിൽ സി.പി.എം പിന്തുടരുന്നതെങ്കിൽ തീർച്ചയായും നേർവഴിയല്ല അതെന്ന് നേതാക്കൾ തിരിച്ചറിയണം. തിരുത്തുകയും വേണം. അല്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല, കാലം കൂടി ആ പാർട്ടിയോട് കണക്കു ചോദിക്കുമെന്നുറപ്പ്’ -എഡിറ്റോറിയൽ വിമർശിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saji CherianSuprabhaatham
News Summary - Suprabhatham editorial strongly criticizes Saji Cherian and AK Balan
Next Story