ബ്രൂവറിയിൽ പിണറായി സർക്കാറിനെതിരെ ‘സുപ്രഭാതം’ മുഖപ്രസംഗം; ‘വെള്ളമില്ലാതെ വലയുന്ന ജനതയുടെ വായിലേക്ക് മദ്യമൊഴിക്കുന്നത് ഹീനകരം’
text_fieldsകോഴിക്കോട്: ബ്രൂവറി യൂനിറ്റിന് അനുമതി നൽകിയതിൽ പിണറായി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം ‘സുപ്രഭാതം’. കഞ്ചിക്കോട് എലപ്പുള്ളിയില്‍ മദ്യ ഉല്‍പാദന കമ്പനിക്ക് അനുമതി കൊടുക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ തീരുമാനം ജനങ്ങളോടും പരിസ്ഥിതിയോടുമുള്ള പരസ്യ വെല്ലുവിളിയാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
വിവാദ കമ്പനിക്ക് വിദേശ മദ്യ ബോട്ട്‌ലിങ് യൂനിറ്റിനും ബ്രൂവറിക്കും സര്‍ക്കാര്‍ തിടുക്കത്തില്‍ അനുമതി നല്‍കിയതിൽ ദൂരൂഹത നിറഞ്ഞു നിൽക്കുന്നുണ്ട്. മദ്യമൊഴുക്കിയുള്ള ഏത് വികസനവും നാടിന് ആപത്താണെന്ന തിരിച്ചറിവ് സര്‍ക്കാറിനുണ്ടാവണം. എല്ലാം ശരിയാക്കും എന്നവകാശപ്പെട്ട് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ കേരളത്തെ മദ്യഹബ്ബാക്കി മാറ്റാന്‍ കൂട്ടുനില്‍ക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്.
വികസനത്തിന് ആരും എതിരല്ല, എന്നാല്‍ നാടിനെ മുച്ചൂടും നശിപ്പിക്കുന്ന വികസനത്തിന്‍റെ ഗുണഫലം അനുഭവിക്കാന്‍ ആരൊക്കെ ബാക്കിയുണ്ടാകുമെന്ന ആലോചന വേണം. കൃഷിക്കും വീട്ടാവശ്യത്തിനും വെള്ളമില്ലാതെ വലയുന്ന ഒരു ജനതയുടെ വായിലേക്ക് മദ്യമൊഴിക്കുന്ന നടപടി ഹീനകരമാണ്.
പാലക്കാടിന് ഒരു ചരിത്രമുണ്ട്. ഭൂമിയുടെ ഉള്ളറകള്‍ തുരന്ന് ജലമൂറ്റിയ ഭീമന്‍ കമ്പനികളെ ഐതിഹാസിക സമരത്തിലൂടെ കെട്ടുകെട്ടിച്ച പാരമ്പര്യം. ഒരിറ്റ് ജലത്തിനുവേണ്ടി പോരാട്ടഭൂമികയിലുള്ള ലോകത്തെ ഒട്ടനവധി മനുഷ്യര്‍ക്ക് ആവേശം പകരുന്നതാണ് ഈ സമരാധ്യായം. ഇനിയും അത് ആവര്‍ത്തിക്കാന്‍ പിണറായി സര്‍ക്കാര്‍ ഇടംകൊടുക്കരുത്.
ഭൂഗര്‍ഭജലത്തിന്‍റെ അളവില്‍ വന്‍ കുറവാണ് ഓരോ വര്‍ഷവും രേഖപ്പെടുത്തുന്നത്. സംസ്ഥാനം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോഴാണ് സര്‍ക്കാര്‍ വെള്ളക്കൊള്ളക്ക് കൂട്ടുനില്‍ക്കുന്നത്. 836 ബാറുകള്‍ക്ക് അനുമതി കൊടുത്ത് സംസ്ഥാനത്ത് മദ്യലഭ്യത ‘ഉറപ്പുവരുത്തിയ’ സര്‍ക്കാര്‍ പാലക്കാട് മദ്യനിര്‍മാണ കമ്പനിക്ക് അനുമതി കൊടുക്കാന്‍ തീരുമാനിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പുനര്‍ചിന്തനത്തിന് തയാറാകുക തന്നെ വേണം. മദ്യവര്‍ജനമെന്ന മുദ്രാവാക്യം ഉച്ചത്തില്‍ മുഴക്കി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍, മദ്യമൊഴുക്കാന്‍ കൂട്ടുനില്‍ക്കുന്നത് നിരാശാജനകമാണെന്നും മുഖപ്രസംഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

