വഖഫ് ബില്ലിനെ പിന്തുണച്ചത് മുനമ്പം വിഷയത്തിൽ ഉപകാരമായില്ല -കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ്
text_fieldsകോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ കാലിക്കറ്റ് പ്രസ് ക്ലബിന്റെ ‘മീറ്റ് ദ പ്രസ്’
പരിപാടിയിൽ
കോഴിക്കോട്: വഖഫ് ബില്ലിനെ പിന്തുണച്ചത് മുനമ്പം വിഷയത്തിൽ ഉപകാരമായില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും വിഷയം സാമൂഹിക അകൽച്ചക്ക് കാരണമാക്കരുതെന്നും കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. കാലിക്കറ്റ് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞതനുസരിച്ച് വഖഫ് ബില്ലിന് മുൻകാല പ്രാബല്യം ഉണ്ടാവില്ല. വഖഫ് ബില്ലിന് പിന്തുണ നൽകിയതിൽ കെ.സി.ബി.സി ചർച്ചചെയ്ത് പുനരാലോചനയെക്കുറിച്ച് ആലോചിക്കും. മുനമ്പത്തെ ആളുകളുടെ വിഷമം കണ്ട് കെ.സി.ബി.സി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫ് ബില്ലിനെ പിന്തുണച്ചത്. പിന്തുണ തീരുമാനിച്ച യോഗത്തിൽ താന് പങ്കെടുത്തില്ല. ആ സമയം അമേരിക്കയിലായിരുന്നുവെന്നും വർഗീസ് ചക്കാലക്കൽ വ്യക്തമാക്കി.
എല്ലായിടത്തും രാഷ്ട്രീയ മുതലെടുപ്പ് ആണല്ലോ നടക്കുന്നത്. എന്റെ മതം, എന്റെ പാർട്ടി, എന്റെ ജാതി എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. അതിനനുസരിച്ച് അവർ സംസാരിക്കും. പക്ഷേ, അത് സമൂഹത്തിൽ അകൽച്ചയുണ്ടാക്കാൻ കാരണമാകും. അതുകൊണ്ട് മുനമ്പം വിഷയം അകൽച്ചയുണ്ടാക്കാൻ ആരും കാരണമാക്കരുത്. ഇത്തരം വിഷയങ്ങളെ വിവേകത്തോടുകൂടി കാണണം. മുനമ്പം വിഷയം എങ്ങനെ പരിഹരിക്കാമെന്ന് എല്ലാവരും കൂടിയിരുന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ പ്രതിനിധി കെ.വി. തോമസ് ബന്ധപ്പെട്ടിരുന്നു. വിഷയം പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് താൽപര്യമെന്നും അതിനുവേണ്ടി മുഖ്യമന്ത്രിയെ കാണാമെന്നും കെ.വി. തോമസ് പറഞ്ഞിട്ടുണ്ടെന്നും ബിഷപ് പറഞ്ഞു. സാദിഖലി തങ്ങളും മറ്റ് മുസ്ലിം നേതാക്കാളും പ്രശ്നപരിഹാരത്തിന് എന്തുവേണമെങ്കിലും ചെയ്യാമെന്ന് ഉറപ്പുനൽകിയിരുന്നു.
ഭൂമി വഖഫ് അല്ലെന്ന് തെളിയിക്കാൻ ഫാറൂഖ് കോളജ് മാനേജ്മെന്റ് ശക്തമായി ശ്രമിക്കുന്നുണ്ട്. അതിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൻസൺ പുത്തൻവീട്ടിൽ, ഫാ. സൈമൺ പീറ്റർ, ഫാ. ഇമ്മാനുവൽ റെനി, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത്ത് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

