തൊടുപുഴയിൽ സി.പി.എമ്മിന് പിന്തുണ; ലീഗ് നേതൃത്വം ഇടപെടുന്നു
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കം നടക്കുന്നതിനിടെ, യു.ഡി.എഫ് കെട്ടുറപ്പിൽ വിള്ളൽ വീഴ്ത്തി തൊടുപുഴ നഗരസഭയിൽ മുസ്ലിം ലീഗ് പിന്തുണയിൽ സി.പി.എം ഭരണം നിലനിർത്തിയ സംഭവം ലീഗ് സംസ്ഥാന കമ്മിറ്റി പരിശോധിക്കുന്നു.
തൊടുപുഴ നഗരസഭയിൽ ഒതുങ്ങുന്ന കാര്യമാണെങ്കിലും ഇതിന്‍റെ പ്രത്യാഘാതം അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ മറ്റിടങ്ങളിലേക്കും പ്രതിഫലിച്ചേക്കുമെന്ന് ആശങ്കയുണ്ട്. തെക്കൻ ജില്ലകളിൽ ഈരാറ്റുപേട്ട കഴിഞ്ഞാൽ ലീഗിന് ശക്തിയുള്ള നഗരസഭയാണ് തൊടുപുഴ.
നേരത്തെ അവിടെ നഗരസഭാധ്യക്ഷ പദവി വഹിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസിന്‍റെ അധീശത്വ നിലപാട് പിന്നീട് പാർട്ടിയുടെ ശക്തി ക്ഷയിക്കാൻ കാരണമായെന്ന വിലയിരുത്തലിൽ നിന്നാണ് നിലപാട് കടുപ്പിക്കാനുള്ള തീരുമാനം. ഇനിയും കീഴടങ്ങിയാൽ നഗരസഭയിൽ പാർട്ടി കൂടുതൽ ക്ഷീണിക്കുമെന്നതിനാൽ ചെയർപേഴ്സൻ സ്ഥാനം എന്ന ആവശ്യത്തിൽനിന്ന് പിന്മാറാൻ ലീഗ് തയാറല്ല. ഇതാണ് സംസ്ഥാന നേതൃത്വത്തിന് കീറാമുട്ടിയാകുന്നതും.
മലബാറിൽ മുസ്ലിം ലീഗ് സഹായത്തോടെയാണ് പല തദ്ദേശ സ്ഥാപനങ്ങളും കോൺഗ്രസ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പാണെങ്കിലും ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളാണെങ്കിലും യു.ഡി.എഫ് സംവിധാനം ചലിപ്പിക്കുന്നതിൽ ലീഗ് നിർണായക പങ്കുവഹിക്കുന്നുമുണ്ട്. എന്നാൽ, ഇതിന്‍റെ പ്രതിഫലനം തെക്കൻ ജില്ലകളിൽ ഉണ്ടാകുന്നില്ലെന്ന് ലീഗിന് പരാതിയുണ്ട്. ഇക്കാര്യത്തിൽ ഇനിയും വിട്ടുവീഴ്ച വേണ്ടതില്ലെന്ന അഭിപ്രായം ലീഗ് സംസ്ഥാന നേതൃയോഗത്തിലും ഉയർന്നിരുന്നു.
എറണാകുളം മുതൽ തെക്കൻ കേരളത്തിലെ പല ജില്ല കമ്മിറ്റികളിലും കടുത്ത അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെടുന്നതിനിടയിലാണ് തൊടുപുഴ നഗരസഭയിൽ യു.ഡി.എഫിന്‍റെ കെട്ടുറപ്പിനെ ബാധിക്കും വിധം നഗരസഭ ഭരിക്കാൻ സി.പി.എമ്മിന് പിന്തുണ നൽകുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.
തെക്കൻ ജില്ലകളിൽ ലീഗിനെ അവഗണിക്കുന്ന സമീപനം തുടർന്നാൽ മലബാറിൽ പ്രത്യാഘാതമുണ്ടാകുമെന്നതിനാൽ കെ.പി.സി.സി നേതൃത്വവും പ്രശ്നപരിഹാരത്തിന് ഇടപെടുമെന്ന് അറിയുന്നു.
വിഷയത്തിൽ ജില്ലാ കമ്മിറ്റിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ആവശ്യമായ ഇടപെടലുകൾ നടത്തി പരിഹാരമുണ്ടാക്കുമെന്നും ലീഗ് ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം ‘മാധ്യമ’ത്തോട് പറഞ്ഞു. അവിടെ കോൺഗ്രസുമായി പ്രാദേശിക പ്രശ്നങ്ങളുണ്ടെന്ന് അറിയാമായിരുന്നു. പരിഹരിക്കാൻ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, ഇങ്ങനെയൊരു പരിണതി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തൊടുപുഴ നഗരസഭയിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും ആറുവീതം അംഗങ്ങളാണുള്ളത്. കേരള കോൺഗ്രസിന്‍റെ ഒരംഗവും കൂടിയാൽ അധ്യക്ഷസ്ഥാനം എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാൻ അവസരമുണ്ടായിട്ടും കാലാവധി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ലീഗും കോൺഗ്രസും തമ്മിലുണ്ടായ തർക്കമാണ് ഇരുപാർട്ടികളും വെവ്വേറെ സ്ഥാനാർഥികളെ നിർത്തുന്നതിലേക്കും ലീഗ് അംഗങ്ങൾ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിലേക്കും നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.