സപ്ലൈകോയുടെ ഓണക്കിറ്റില്‍ ഇപ്രാവശ്യവും കുടുംബശ്രീയുടെ മധുരം
text_fieldsതിരുവനന്തപുരം: സപ്ലൈകോ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ ഇപ്രാവശ്യവും കുടുംബശ്രീയുടെ മധുരം. കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശര്‍ക്കരവരട്ടിയും ചിപ്സും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിനായി സപ്ലൈകോയിൽനിന്ന് 12.89 കോടി രൂപയുടെ ഓര്‍ഡര്‍ കുടുംബശ്രീക്ക് ലഭിച്ചു.
കരാര്‍ പ്രകാരം നേന്ത്രക്കായ ചിപ്സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ 42,63,341 പാക്കറ്റുകളാണ് കുടുംബശ്രീ നല്‍കുക. നൂറു ഗ്രാം വീതമുള്ള പാക്കറ്റ് ഒന്നിന് ജി.എസ്.ടി ഉള്‍പ്പെടെ 30.24 രൂപ നിരക്കില്‍ സംരംഭകര്‍ക്ക് ലഭിക്കും. സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂനിറ്റുകള്‍ വഴിയാണ് ഉല്പന്ന നിര്‍മാണവും വിതരണവും. ഈ മാസം ഇരുപതിനകം കരാര്‍ പ്രകാരമുള്ള അളവില്‍ ഉല്പന്ന വിതരണം പൂര്‍ത്തിയാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷവും സപ്ലൈകോയുടെ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി കുടുംബശ്രീ ഉല്പന്നങ്ങള് വിതരണം ചെയ്തിരുന്നു. ചിപ്സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ 41.17 ലക്ഷം പാക്കറ്റ് നല്‍കുന്നതിനുള്ള ഓര്‍ഡറാണ് അന്ന് ലഭിച്ചത്.
273 യൂനിറ്റുകള്‍ പങ്കെടുത്ത വിതരണ പരിപാടിയിലൂടെ 11.99 കോടി രൂപയുടെ വിറ്റുവരവാണ് സംരംഭകര്‍ നേടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

