സപ്ലൈകോ ഗോഡൗണിൽനിന്ന് കുഴിച്ചുമൂടാൻ കൊണ്ടുപോയ ഭക്ഷ്യവസ്തുക്കൾക്കായി പിടിവലി
text_fieldsറാന്നി: വെള്ളം കയറിയ സപ്ലൈകോയുടെ വലിയപറമ്പ് ഗോഡൗണിൽനിന്ന് കുഴിച്ചുമൂടാൻ കൊണ്ടുപോയ ഭക്ഷ്യവസ്തുക്കൾക്കായി പിടിവലി. ദുർഗന്ധം വമിക്കുന്ന ഭക്ഷ്യസാധനങ്ങൾപോലും പലരും വാരിയെടുത്ത് വീടുകളിൽ കൊണ്ടുപോയി. ഗോഡൗണിൽ വെള്ളം കയറി അരി, വറ്റൽ മുളക്, ചെറുപയര്‍, വന്‍പയര്‍, കടല തുടങ്ങി കോടികളുടെ സാധനങ്ങളാണ് നശിച്ചത്.
ചൊവ്വാഴ്ച രാവിലെ അവയെല്ലാം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വാരി ടിപ്പർ ലോറികളിൽ കയറ്റി തേരിട്ടമലക്ക് സമീപം റബർപുരയിടത്തിൽ തള്ളുകയായിരുന്നു. ഇതോടെ ഇവിടം ജനനിബിഡമായി. ഓരോ ലോഡ് സാധനങ്ങൾ എത്തുമ്പോഴും അവ വാരിയെടുക്കാൻ ജനം തിക്കുംതിരക്കും കൂട്ടി. ടിപ്പർ ലോറികൾ തടഞ്ഞ് നിർത്തിയും അരിച്ചാക്കുകൾ എടുത്തു. ഇതിനിടെ സപ്ലൈകോ ജീവനക്കാരന് മര്‍ദനമേറ്റു.
വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ജനക്കൂട്ടം പിന്മാറാൻ തയാറായില്ല. അവർ പരമാവധി സാധനങ്ങൾ ശേഖരിച്ചു. പിന്നീട് വൈകുന്നേരം ഗോഡൗണിൽനിന്ന് സാധനങ്ങൾ കടത്തുന്നെന്ന് ആരോപിച്ച് നാട്ടുകാർ ലോറികൾ തടഞ്ഞു. സംഘർഷമായതോടെ പൊലീസും രാജു എബ്രഹാം എം.എൽ.എയും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ഉദ്യോഗസ്ഥർ എത്തി പരിശോധിച്ച ശേഷമേ ചരക്കുനീക്കം തുടരൂ എന്ന് അറിയിച്ചതിനെ തുടർന്നാണ് ആളുകൾ പിരിഞ്ഞത്.
വ്യാഴാഴ്ച ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ സാമ്പിള്‍ പരിശോധിച്ച് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയശേഷമാണ് വീണ്ടും സാധനങ്ങള്‍ മാറ്റാന്‍ തുടങ്ങിയത്. തുടർന്ന് സാധനങ്ങൾ കുഴിച്ചുമൂടൽ തേരിട്ടമലയില്നിന്ന് സൈലൻറ് വാലിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
