സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയറുകൾക്ക് തുടക്കം
text_fieldsതിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ വിപണിയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്ലൈകോയുടെ ഉത്സവ ഫെയറുകളിലൂടെ കഴിയുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിൽ ഡിസംബർ 31 വരെയാണ് ഫെയറുകൾ. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വിൽപനശാലയിൽ പ്രത്യേക ഫെയറുണ്ടാകും.
280ലധികം ഉൽപന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. 20 കിലോഗ്രാം അരി 25 രൂപക്ക് ലഭ്യമാകും. റേഷൻകടകൾ വഴി വെള്ള, നീല റേഷൻ കാർഡുടമകൾക്ക് ജനുവരി മുതൽ സ്പെഷൽ അരി ലഭിക്കും. സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി. ഒരാൾക്ക് രണ്ട് ലിറ്റർ വരെ ഈ നിരക്കിൽ ലഭിക്കും. സബ്സിഡിയിതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയാക്കി. സബ്സിഡി ഇനങ്ങളായ ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നിവ കിലോക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ വീണ്ടും കുറച്ചു. ജനുവരിയിലെ സബ്സിഡി സാധനങ്ങൾ ചൊവ്വാഴ്ച മുതൽ സപ്ലൈകോ വിൽപനശാലകളിൽനിന്ന് മുൻകൂട്ടി വാങ്ങാമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

