പാലക്കാട്: ഭക്ഷ്യധാന്യം നശിച്ച സംഭവം ആവർത്തിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ നിർദേശപ്രകാരം സൈപ്ലകോ നടപടി തുടങ്ങി. ഭക്ഷ്യധാന്യം സൂക്ഷിക്കാൻ ശാസ്ത്രീയ രീതിയിൽ സംവിധാനിച്ച 30 ഗോഡൗണുകൾ ആവശ്യപ്പെട്ട് സപ്ലൈകോ ദർഘാസ് ക്ഷണിച്ചു.
നിലവിൽ സംസ്ഥാനത്ത് 220 ഗോഡൗണുകളുണ്ട്. കേന്ദ്ര-സംസ്ഥാന വെയർ ഹൗസുകളും സൈപ്ലകോ ഗോഡൗണുകളും സ്വകാര്യ ഗോഡൗണുകളും ഉൾപ്പെടെയാണിത്.
സൈപ്ലകോക്ക് സ്വന്തമായി ഏഴ് ഗോഡൗണുകളേയുള്ളൂ. 98 എണ്ണം സ്വകാര്യ ഉടമസ്ഥതയിലാണ്. ശാസ്ത്രീയ സംവിധാനം ഒരുക്കാത്ത സ്വകാര്യ ഗോഡൗണുകളിൽ സൂക്ഷിച്ച 2868 മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് കഴിഞ്ഞമാസം നശിച്ചത്. ഇത് വൻ വിവാദമാകുകയും സംസ്ഥാനതല സാേങ്കതിക സമിതി പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
ഭക്ഷ്യഭദ്രത നിയമം അനുശാസിക്കുന്ന ഗോഡൗൺ സംവിധാനം ഇല്ലാത്തതാണ് ഭക്ഷ്യധാന്യം നശിക്കാൻ കാരണമെന്ന് സമിതി റിപ്പോർട്ട് ചെയ്തിരുന്നു.
ആദ്യം ഡിപ്പോയിൽ എത്തിച്ചവ ആദ്യം വിതരണത്തിന് വിടുകയെന്ന (ഫസ്റ്റ് ഇൻ ഫസ്റ്റ് ഒൗട്ട്) സമ്പ്രദായം നടപ്പാക്കാത്തതും വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെട്ടു. ഭക്ഷ്യധാന്യം നശിച്ച മുഴുവൻ ഗോഡൗണുകളും ഒഴിവാക്കും. പകരം ഇൗർപ്പം കടക്കാത്തതും പ്രാണികൾ കയറാത്തതും സുരക്ഷ കാമറകൾ ഉള്ളതുമായ 30 ഗോഡൗണുകൾ ആവശ്യപ്പെട്ടാണ് സൈപ്ലകോ ദർഘാസ് ക്ഷണിച്ചത്.
മിക്ക താലൂക്കുകളിലും ശാസ്ത്രീയമായി ഗോഡൗണുകൾ പണി കഴിപ്പിച്ചിട്ടുണ്ടെങ്കിലും ചെറിയ ഗോഡൗണുകളിലാണ് ഇപ്പോഴും സംഭരണവും വിതരണവും നടത്തുന്നത്.
ഇതുകാരണം ടൺകണക്കിന് ഭക്ഷ്യധാന്യങ്ങളാണ് ഒാരോ വർഷവും വിതരണയോഗ്യമല്ലാതാകുന്നത്. താലൂക്കിൽ ഒരു പി.ഡി.എസ് ഡിപ്പോ വേണം എന്ന ഭക്ഷ്യവകുപ്പ് നിർദേശം അവഗണിക്കപ്പെടുകയാണ്.