കണ്ണൂർ കാത്തിരുന്ന മന്ത്രി, സണ്ണി ജോസഫ്...
text_fieldsകണ്ണൂർ: വി.ഡി. സതീശൻ മന്ത്രിസഭയിൽ കണ്ണൂരിൽനിന്നുള്ള മന്ത്രിയാരെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. പേരാവൂരിൽ നാലാംതവണയും മത്സരക്കുപ്പായമിട്ടപ്പോൾതന്നെ 74കാരനായ സണ്ണി ജോസഫ് മന്ത്രിയെന്ന് എല്ലാവരും ഉറപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് കൂടിയായതിനാൽ വകുപ്പിന്റെ കാര്യത്തിലേ സംശയമുണ്ടായിരുന്നുള്ളൂ. 2011 മുതൽ പേരാവൂരിന്റെ എം.എൽ.എയാണ് സണ്ണി ജോസഫ്. മന്ത്രിസഭയിൽ പുതുമുഖം. 2011ൽ സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ കെ.കെ. ശൈലജയെ തോൽപ്പിച്ചാണ് ജയം തുടങ്ങിയത്. 2016ലും 2021ലും ജയം ആവർത്തിച്ചു. പേരാവൂരിൽ സണ്ണിയുടെ കുത്തക അവസാനിപ്പിക്കാൻ ഇത്തവണ കെ.കെ. ശൈലജയെ നിയോഗിച്ചു. ശക്തമായ പോര് പ്രതീക്ഷിച്ചെങ്കിലും ഭൂരിപക്ഷം അഞ്ചിരട്ടിയാക്കിയാണ് (14,453) സണ്ണി ജോസഫ് ജയിച്ചുകയറിയത്.
കണ്ണൂർ ഉളിക്കൽ പുറവയലിൽ വടക്കേക്കുന്നേൽ ജോസഫ്- റോസക്കുട്ടി ദമ്പതികളുടെ മൂത്തമകനായി തൊടുപുഴയിലാണ് ജനനം. ഉളിക്കൽ, എടൂർ, കിളിയന്തറ സ്കൂളുകളിൽ പഠനം. തൊടുപുഴ ന്യൂമാൻ കോളജിൽനിന്ന് ബിരുദം കഴിഞ്ഞ് കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് നിയമബിരുദം നേടി. കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റിൽ വിദ്യാർഥി പ്രതിനിധി, മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, ഉളിക്കൽ സർവിസ് സഹ. ബാങ്ക് പ്രസിഡന്റ്, തലശ്ശേരി താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, കണ്ണൂർ ജില്ല പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഇരിക്കൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡന്റ്, യു.ഡി.എഫ് കണ്ണൂർ ജില്ല ചെയർമാൻ, കണ്ണൂർ ഡി.സി.സി പ്രസിഡന്റ് പദവികൾ വഹിച്ചു. ഭാര്യ: എൽസി ജോസഫ്. മക്കൾ: ആഷ റോസ്, ഡോ. അഞ്ജു റോസ്. മരുമക്കൾ: പ്രകാശ് മാത്യു, ഡോ. സാൻസ് ബൗസിലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

