‘രാഹുലിനെതിരെ പരാതിയോ കേസോ ഇല്ല, രാജി ആവശ്യത്തിന് പിന്നിൽ മറ്റ് ലക്ഷ്യം; സസ്പെൻഷനോടെ കോൺഗ്രസ് നിയമസഭാകക്ഷി അംഗമല്ലാതായി’
text_fieldsസണ്ണി ജോസഫ്
ഇരിട്ടി (കണ്ണൂർ): ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്തായതോടെ കോൺഗ്രസ് നിയമസഭാകക്ഷി അംഗം എന്ന പദവിയും നഷ്ടപ്പെടുമെന്ന് സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രാഹുലിനെ കൊണ്ട് എം.എൽ.എ സ്ഥാനം രാജിവെപ്പിക്കണമെന്ന് കോൺഗ്രസിനോട് ഉപദേശിക്കുന്നവർ എന്തിന് വേണ്ടിയാണ് ആഗ്രഹിക്കുന്നതെന്ന് അറിയാം. അതിന്‍റെ വിശദാംശങ്ങൾ പറയിപ്പിക്കരുത്. രാജ്യം ഭരിക്കുന്ന പാർട്ടിക്കും കേരളം ഭരിക്കുന്ന പാർട്ടിക്കും രണ്ടിടത്തും പ്രതിപക്ഷത്തുള്ള കോൺഗ്രസിനോട് ഉപദേശിക്കാനുള്ള യോഗ്യതയില്ല. ജനങ്ങൾക്കും മാധ്യമങ്ങൾക്കും അക്കാര്യം നന്നായി അറിയാമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കോൺഗ്രസ് സ്ത്രീകളുടെ ആത്മാഭിമാനവും മാധ്യതയും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. അതിന്‍റെ അടിസ്ഥാനത്തിൽ കൂട്ടായ ചർച്ചയിലൂടെ എടുത്തതാണ് രാഹുലിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്. വാർത്തകൾ വന്നപ്പോൾ തന്നെ പരാതികൾക്കും കേസുകൾക്കും കാത്തുനിൽകാതെ തന്നെ രാഹുൽ സംഘടനാ ഭാരവാഹിത്വം രാജിവെച്ച് മാതൃക കാണിച്ചു. പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും മുതിർന്ന നേതാക്കൾ, പ്രവർത്തക സമിതിയംഗങ്ങൾ, യു.ഡി.എഫ് കൺവീനർ എന്നിവരുമായി ചർച്ച നടത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.
രാഹുലിനെതിരെ യാതൊരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല. പാർട്ടിക്കോ നിയമപരമായോ പരാതി നൽകുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്യാത്ത സാഹചര്യത്തിൽ രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് രാഷ്ട്രീയ എതിരാളികൾ ആവശ്യപ്പെടുന്നതിൽ യാതൊരു ന്യായീകരണമോ യുക്തിയോ ഇല്ല. അത്തരത്തിൽ ആവശ്യം ഉന്നയിക്കാനുള്ള ധാർമികതയുമില്ല. രാജിവെച്ച കീഴ്വഴക്കം കേരള രാഷ്ട്രീയത്തിൽ ഇല്ല. എഫ്.ഐ.ആറും കുറ്റപത്രവും ഉണ്ടായിട്ടും ജനപ്രതിനിധി സ്ഥാനം രാജിവെക്കാത്ത നിരവധി സംഭവങ്ങളുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കോൺഗ്രസിലെ വനിത നേതാക്കൾ ഇന്നലെ രംഗത്ത് വന്നിരുന്നു. രാഹുൽ രാഷ്ട്രീയ രംഗത്തുനിന്ന് മാറിനിൽക്കുന്നതാണ് ഉചിതമെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് മാതൃകാപരമായ തീരുമാനമെടുക്കും. നിയമമോ പരാതിയോ അല്ല, ധാർമികതയാണ് വിഷയം. ഇതുവരെ കേൾക്കാത്ത തരത്തിലുള്ള കാര്യങ്ങളാണ് തുടരെ പുറത്തുവരുന്നത്. സ്വയം മാറിനിൽക്കാന് രാഹുൽ ഇനിയും അറച്ചുനിൽക്കേണ്ടതില്ലെന്നും ഷാനിമോള്‍ ഉസ്മാന് കൂട്ടിച്ചേർത്തു.
രാഹുൽ രാജിവെക്കണമെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. മറ്റ് പ്രസ്ഥാനങ്ങളിലെ കാര്യം നോക്കേണ്ടതില്ല. എന്നും സ്ത്രീകളെ സംരക്ഷിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസം തന്നെ രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. ആരോപണങ്ങൾ തെറ്റാണെങ്കിൽ രാഹുലിന് മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു എന്നും ഉമ തോമസ് പ്രതികരിച്ചു.
രാഹുലിനെതിരായ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നത് അന്വേഷണത്തിൽ തെളിയട്ടെയെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. ഒരു തെളിവുമില്ലെങ്കിലും രാഹുല്‍ മാറിനിൽക്കണം എന്നാണ് കോൺഗ്രസ് നിലപാടെടുത്തത്. രാഹുലിന്റെ രാജി കോൺഗ്രസിന്റെ മേലുള്ള കളങ്കമല്ല. ആര് എന്ത് തെറ്റ് ചെയ്താലും അതിന്‍റെ ഉത്തരവാദിത്വം അതത് വ്യക്തികള്‍ക്കാണ്. ഇതിന്റെയൊക്കെ ബാധ്യത ഏറ്റെടുക്കേണ്ട ആവശ്യം കോൺഗ്രസിനില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തേണ്ടത് അതത് വ്യക്തികളാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
കെ.കെ. രമ എം.എൽ.എയും പ്രതികരണവുമായെത്തി. ആരോപണ വിധേയർ ഒരു കാരണവശാലും സ്ഥാനത്തിരിക്കരുതെന്ന് കെ.കെ. രമ പറഞ്ഞു. എം.എൽ.എ സ്ഥാനത്തുനിന്ന് മാറി അന്വേഷണത്തെ നേരിടണം. അതിന് കാലതാമസം ഉണ്ടാകരുത്. കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും രമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

