ഇപ്പോൾ പുറത്താക്കില്ല, രാഹുലിനെതിരെ ഉചിതമായ സമയത്ത് നടപടി എടുക്കുമെന്ന് സണ്ണി ജോസഫ്
text_fieldsസണ്ണി ജോസഫ്
ആലപ്പുഴ: ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നത് പോലുള്ള നടപടികൾ ഇപ്പോഴില്ലെന്നും ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ ആദ്യം വാർത്ത വന്നപ്പോൾ തന്നെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെപ്പിച്ചു. നിയമസഭ സമ്മേളിക്കുന്ന ഘട്ടമായപ്പോൾ പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സസ്പെൻഡ് ചെയ്ത കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പ്രതിപക്ഷനേതാവ് കത്ത് കൊടുത്തു. അതുകൊണ്ട് രാഹുൽ തങ്ങളോടൊപ്പമല്ല നിയമസഭയിൽ പ്രത്യേകമായാണ് ഇരുന്നത്. അത്രയും നിലപാട് കോൺഗ്രസ് സ്വീകരിച്ചെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സസ്പെൻഷന് ശേഷം രാഹുൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നില്ല. എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടത് ആ വ്യക്തിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പുറത്താക്കുമ്പോൾ അതിന്‍റേതായ നടപടിക്രമങ്ങൾ പാലിച്ചുവേണം പുറത്താക്കാൻ. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തയാൾ സ്വയം ഉചിതമായ തീരുമാനമെടുക്കണമെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
ഇതുവരെ രാഹുലിനെതിരെ തനിക്ക് പരാതികൾ വന്നിട്ടില്ല. ഇന്നലെയാണ് കൃത്യമായൊരു പരാതി വന്നത്. അതിൽ പേരോ സ്ഥലമോ ഒന്നും ഇല്ലാതിരുന്നിട്ടും താനത് ഡി.ജി.പിക്ക് കൈമാറുകയാണ് ചെയ്തത്. പരാതിക്കാരിക്ക് മറുപടിയും അയച്ചു. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ച ശേഷമാണ് മറ്റൊരു പരാതി തനിക്കും പ്രതിപക്ഷ നേതാവിനും കിട്ടിയത്. അതിൽ കേസെടുക്കാൻ മുഖ്യമന്ത്രി പൊലീസിന് കൈമാറുകയും നിയമനടപടിയാരംഭിക്കുകയും ചെയ്തു.
തങ്ങൾക്ക് കോടതിയും പൊലീസുമുണ്ടെന്ന് സി.പി.എം നേതാവ് നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷേ കോൺഗ്രസിന് അങ്ങനെ കോടതിയും പൊലീസുമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് എല്ലാ കോൺഗ്രസ് നേതാക്കളും പറഞ്ഞത്. നിയമനടപടികളുമായി പൊലീസ് മുന്നോട്ടുപോകട്ടെ. സി.പി.എം പ്രതികളെ ഭരണത്തിന്റെ ബലത്തിലും പാർട്ടിയുടെ തണലിലും സംരക്ഷിക്കുമ്പോൾ തങ്ങൾ പരാതി സംബന്ധിച്ച് വാർത്തകൾ വന്നപ്പോൾ തന്നെ ഉചിതമായ നടപടി സ്വീകരിച്ചുവെന്നും സണ്ണി ജോസഫ് വിശദമാക്കി.
തങ്ങൾ രാഹുലിനെതിരെ സംഘടനാപരമായ നടപടി സ്വീകരിച്ചപ്പോൾ സ്വർണക്കൊള്ള കേസിൽ നേതാക്കൾ റിമാൻഡിലായിട്ടും അവരെ പാർട്ടിയിൽ പുറത്താക്കാനോ കാരണംകാണിക്കൽ നോട്ടീസ് നൽകാനോ സി.പി.എം തയാറായിട്ടില്ല. ശബരിമല സ്വർണക്കൊള്ളയിൽ കോടതി അന്വേഷണസംഘത്തിന് കാലാവധി നീട്ടിക്കൊടുക്കുകയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയുമാണ് ചെയ്തത്. ജനങ്ങൾ വളരെ ഗൗരവത്തിൽ വീക്ഷിക്കുന്ന കാര്യമാണിത്. നഷ്ടപ്പെട്ട സ്വർണം തിരികെക്കിട്ടണം. കളവുമുതൽ കണ്ടെടുക്കണം. പ്രതികളെ ചോദ്യം ചെയ്യണം. ഇതുവരെ അത്തരം നടപടികൾ ഉണ്ടാവാത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്. അതെല്ലാം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തികഞ്ഞ വിജയപ്രതീക്ഷയാണ് പാർട്ടിക്കുള്ളതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

