വിജയന്‍റെ കുടുംബത്തിന്‍റെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റാനാകില്ല; പാർട്ടിക്ക് അതിനുള്ള പണമില്ലെന്നും സണ്ണി ജോസഫ്
text_fieldsതൃശൂർ: വയനാട്ടിൽ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് വിജയന്‍റെ കുടുംബത്തിന്‍റെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കാനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാമെന്ന കരാറില്ലെന്നും അങ്ങനെയൊരു കരാറുണ്ടെങ്കിൽ അത് നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യാശ്രമം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിജയന്‍റെ കുടുംബത്തെ സഹായിച്ചിട്ടുണ്ട്. അതൊന്നും കരാറിന്‍റെ അടിസ്ഥാനത്തിലല്ല. ആത്മഹത്യാഭീഷണിയുടെയോ മറ്റോ പേരിലുമല്ല. കോൺഗ്രസ് പ്രവർത്തകന്‍റെ കുടുംബം എന്ന് കണക്കിലെടുത്താണ്. വിജയന്‍റെ കുടുംബത്തിന്‍റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കോൺഗ്രസ് പാർട്ടിക്ക് അതിനുള്ള പണമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ശനിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് പത്മജയെ മണിച്ചിറയിലെ വീട്ടിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടത്. ഉടൻ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയ മുറിവ് ഉണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ടരകോടിയോളം രൂപയുടെ ബാധ്യതയാണ് എൻ.എം. വിജയന് ഉണ്ടായിരുന്നത്. ഇത് വീട്ടാമെന്ന് കെ.പി.സി.സി വാഗ്ദാനം കൊടുത്തിരുന്നുവെന്നും എന്നാൽ, പാലിക്കപ്പെട്ടില്ലെന്നും പത്മജ പറയുന്നു.
ഇക്കാര്യമുന്നയിച്ച് വെള്ളിയാഴ്ച പത്മജ മാധ്യമങ്ങൾക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തുറന്നടിച്ചിരുന്നു. വിഷയം വീണ്ടും വിവാദമായെങ്കിലും നേതാക്കളാരും പത്മജയെ ബന്ധപ്പെട്ടില്ല. തുടർന്നാണ് ശനിയാഴ്ച അപ്രതീക്ഷിത നടപടി. ‘‘കൊലയാളി കോൺഗ്രസേ.. നിനക്കിതാ ഒരു ഇരകൂടി...’’ എന്ന് ഏതാനും വരികളിൽ ഒതുങ്ങുന്ന ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചതിനു ശേഷമാണ് പത്മജ കൈഞരമ്പ് മുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

