സ്വർണക്കൊള്ളയിലെ കള്ളക്കളികള്‍ മറനീക്കി പുറത്ത് വരുകയാണെന്ന് സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ അന്വേഷണ സംഘത്തിനെതിരായ ഹൈകോടതി വിമര്‍ശനം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ യു.ഡി.എഫ് നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. സ്വര്‍ണ്ണ മോഷണക്കേസിലെ ഉന്നതരിലേക്ക് അന്വേഷണം കടന്നില്ല. അവരെ ചോദ്യം ചെയ്യാനും പ്രതി ചേര്‍ക്കാനും അന്വേഷണം സംഘം മടി കാണിക്കുന്നുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ സംഘത്തിന്. സമയപരിധി നീട്ടിക്കിട്ടിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ല. ഹൈകോടതി അതൃപ്തി രേഖപ്പെടുത്തിയത് ഗൗരവമുള്ള വിഷയമാണ്. പ്രതിപക്ഷത്തിന്റെ വാദത്തിനുള്ള അംഗീകാരം കൂടിയാണ് കോടതിയുടെ കൃത്യതയുള്ള നിരീക്ഷണം. ഈ കേസിലെ കള്ളക്കളികള്‍ മറനീക്കി പുറത്ത് വരുകയാണ്.
കോടതി മാത്രമാണ് ആശ്രയം. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊളളയുടെ അന്വേഷണം മുന്നോട്ട് പോകുന്നത് ആശാസ്യകരമല്ല. സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്ക് ഭണ്ഡാരിയുടെയും കര്‍ണാടകയിലെ ജ്വലറി ഉടമ ഗോവര്‍ധനയുടെയും അറസ്റ്റ് താല്‍കാലിക ആശ്വാസ നടപടിയാണ്. ഇവരിലേക്ക് സ്വര്‍ണ്ണം എത്തിച്ചവരെയും അതിനായി ഗൂഢാലോചന നടത്തിയവരെയും അറസ്റ്റ് ചെയ്യണം.
പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ ഇ.ഡി കൂടി അന്വേഷിക്കണമെന്ന് കോടതി പറയുന്നുണ്ടെങ്കില്‍ അത് ഗൗരവമുള്ള വിഷയമാണ്. സി.പി.എമ്മുകാരായ പ്രതികളെ രാഷ്ട്രീയ കവചമൊരുക്കി സംരക്ഷിക്കുന്നതാണ് ഇപ്പോള്‍ കോടതി നിരീക്ഷണത്തിലൂടെ തുറന്നു കാട്ടിയതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

