സി.പി.ഐയെ മയക്കുവെടിവെച്ച് തളക്കുന്നു; രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള അടവുനയങ്ങളെന്ന് സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ വിവാദമായ പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നത് താൽകലികമായി റദ്ദാക്കാനുള്ള സി.പി.എം തീരുമാനത്തിൽ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സി.പി.ഐയെ മയക്കുവെടിവെച്ച് തളക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
മയക്കുവെടിയേറ്റോ എന്ന് സി.പി.ഐയാണ് പറയേണ്ടത്. ധാരണാപത്രം മരവിപ്പിക്കുക എന്നാൽ എന്താണ് അർഥം. പി.എം ശ്രീ ധാരണാപത്രം റദ്ദാക്കാൻ കേന്ദ്ര സർക്കാറിന് മാത്രമേ അവകാശമുള്ളൂവെന്ന് നിബന്ധനകൾ വ്യക്തമാക്കുന്നുണ്ട്. സർക്കാറിന്‍റെ ന്യായങ്ങൾ പ്രായോഗികവും സത്യസന്ധവുമല്ല. രാഷ്ട്രീയ ഒത്തുതീർപ്പിന് വേണ്ടിയുള്ള അവടുനയങ്ങൾ മാത്രമാണ്. ജനങ്ങളെ കബളിക്കുകയാണെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.
സംസ്ഥാനത്ത് പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നത് മരിവിപ്പിക്കാനും നിബന്ധനകളിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് കത്തയക്കാനുമാണ് സി.പി.എം തീരുമാനിച്ചത്. എ.കെ.ജി സെന്‍ററിൽ നടന്ന സി.പി.എം അവെയ്‍ലബിൾ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്‍റേതാണ് തീരുമാനം.
പി.എം ശ്രീയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാപത്രത്തിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന് കത്ത് നൽകുക. പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഇളവ് വേണം. കരിക്കുലം, സ്കൂളുകളുടെ ഘടനാമാറ്റം അടക്കമുള്ള വിവാദ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നും മാറ്റം വരുത്തണമെന്നും സർക്കാർ ആവശ്യപ്പെടും.
പുതിയ ഉപാധി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി സി.പി.എം കേന്ദ്ര നേതൃത്വം ചർച്ച നടത്തി. സി.പി.എം കേരളാ നേതൃത്വം സി.പി.ഐ സംസ്ഥാന നേതൃത്വത്തോട് ഉപാധി വിശദീകരിച്ചു. ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാരെ ഏതുവിധേനയും എത്തിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്.
പി.എം ശ്രീയിൽ നിന്ന് പൂർണമായി സി.പി.എമ്മോ സംസ്ഥാന സർക്കാരോ പിന്നോട്ട് പോകില്ല. അതേസമയം, നിബന്ധനകളിൽ ഇളവ് തേടാനാണ് നീക്കം. പദ്ധതി പൂർണമായി റദ്ദാക്കണമെന്നാണ് സി.പി.ഐ തുടക്കം മുതൽ മുന്നോട്ടുവെച്ച നിർദേശം. നിബന്ധനകളിൽ ഇളവ് തേടുക വഴി സി.പി.ഐയെ അനുനയിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് സി.പി.എം സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്.
കേന്ദ്ര സർക്കാറിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ ഒപ്പിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ പ്രശ്ന പരിഹാരത്തിന് വഴി തുറന്നിരുന്നില്ല. ഇതേതുടർന്നാണ് കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി എന്നിവർക്ക് മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടി നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

