Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടിഘോഷിച്ച...

കൊട്ടിഘോഷിച്ച ദേശീയപാതയാണ് ഇടിഞ്ഞു താഴ്ന്നതെന്ന് സണ്ണി ജോസഫ്; നാലാം വാര്‍ഷികത്തിൽ കേരളം കാണുന്നത് അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറിനെ

text_fields
bookmark_border
Sunny Jospeh
cancel

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറിനെയാണ് നാലാം വാര്‍ഷികവേളയില്‍ കേരളം കാണുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. സര്‍ക്കാറിന്റെ വാര്‍ഷികത്തിൽ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകള്‍ യാതൊരു സേവനങ്ങളും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നും 2.7 കോടി രൂപ മാസപ്പടിയായി കൈപ്പറ്റിയത്, കോവിഡ് കാല പര്‍ച്ചെയ്‌സുകള്‍, കെ.എഫ്‌.സി നിക്ഷേപം, എ.ഐ കാമറ തുടങ്ങിയ കുംഭകോണങ്ങളാണ് പിണറായി സര്‍ക്കാരിന്റെ കാലത്തു പുറത്തു വന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

എസ്.എഫ്‌.ഐ.ഒ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കിയ കേസില്‍ മുഖ്യമന്ത്രിയും മകളും അപ്പീല്‍ നല്‍കുകയോ ഇതുവരെ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. കോവിഡ് കാലത്ത് 550 രൂപയുടെ കിറ്റ് 1550 രൂപക്ക് വാങ്ങി അഴിമതി കാണിച്ചെന്ന് ലോകായുക്തയില്‍ കേസും സി.എ.ജി റിപ്പോര്‍ട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പി.പി.ഇ കിറ്റ് വാങ്ങിയെന്ന് അന്നത്തെ ആരോഗ്യമന്ത്രി പറഞ്ഞിട്ടും ഇന്നുവരെ അതിനോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. അംബാനിയുടെ കമ്പനിയിലേക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ 60. 80 കോടി രൂപ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ കൊണ്ടു നിക്ഷേപിച്ചത് മറ്റൊരു അഴിമതിയാണ്.

പത്താം വര്‍ഷത്തേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന്റെ സാര്‍വത്രിക തകര്‍ച്ചയുടെ നേര്‍ചിത്രങ്ങളാണ് സമീപകാലത്ത് തിരുവനന്തപുരം ചുള്ളിമാനൂരില്‍ കള്ളക്കേസില്‍ കുടുക്കി ദലിത് വീട്ടമ്മയെ 20 മണിക്കൂര്‍ വെള്ളം പോലും നല്‍കാതെ സ്‌റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ചത്. കൊട്ടിഘോഷിച്ച ദേശീയപാതയാണ് മലപ്പുറത്ത് ഇടിഞ്ഞുതാണത്. ദേശീയപാതയുടെ ക്രെഡിറ്റ് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. സി.പി.എം അധിക്ഷേപം ചൊരിഞ്ഞ ആശാവര്‍ക്കാര്‍മാരുടെ സമരം നൂറു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കയില്ല.

കേരളീയം, നവകേരള സദസ് എന്നിവയുടെ പേരില്‍ എത്ര കോടി ഖജനാവില്‍ നിന്ന് ചെലവാക്കിയെന്നോ എത്ര കോടി പിരിച്ചെന്നോ ഒരു കണക്കുമില്ല. ഇതുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം കിട്ടിയതായും അറിയില്ല. മൂക്കറ്റം കടം കയറി നില്‍ക്കുമ്പോഴാണ് വീണ്ടും നൂറ് കോടി മുടക്കി വാര്‍ഷിക ആഘോഷം നടത്തുന്നത്. 9 വര്‍ഷം ഭരിച്ചിട്ടും ഒരു പദ്ധതി പോലും നടപ്പാക്കാന്‍ പിണറായി സര്‍ക്കാറിന് സാധിച്ചില്ല. വിഴിഞ്ഞം, മെട്രോ, ഗെയില്‍പെപ്പ് ലൈന്‍, കണ്ണൂര്‍ വിമാനത്താവളം തുടങ്ങി യു.ഡി.എഫിന്റെ പദ്ധതികളാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ 3050 മീറ്റര്‍ റണ്‍വേ ഉള്‍പ്പെടെ ഏതാണ്ട് 90 ശതമാനവും യു.ഡി.എഫ് കാലത്ത് പൂര്‍ത്തിയാക്കിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞതിനു ശേഷമാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തില്‍ യു.ഡി.എഫിന് പങ്കില്ലെന്ന് പറയുന്നത്. റണ്‍വേക്ക് നീളം പോരെന്ന് പറഞ്ഞ് സമരം നടത്തിയ സി.പി.എമ്മിന് ഒരു മീറ്റര്‍ പോലും നീളം കൂട്ടാന്‍ കഴിഞ്ഞില്ല.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ ഒന്നര ലക്ഷം കോടിയോളം ആയിരുന്ന പൊതുകടം എല്‍.ഡി.എഫ് ഭരണത്തില്‍ ആറു ലക്ഷം കോടിയായി. സര്‍ക്കാരിന്റെ ആര്‍ഭാടവും ദുര്‍വ്യയവും മൂലമാണ് കടം കുമിഞ്ഞ് കൂടിയത്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. സാമൂഹിക പെന്‍ഷന്‍ എല്ലാ വര്‍ഷവും വര്‍ധിപ്പിച്ച് 5000 രൂപയാക്കുമെന്ന് പറഞ്ഞത് 1600 രൂപയില്‍ ഒതുങ്ങി. അതിപ്പോള്‍ മൂന്ന് മാസം കുടിശികയാണ്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സബ്‌സിഡി സാധനങ്ങള്‍ക്ക് വിലകൂട്ടി. സ്‌കൂൾ കുട്ടികളുടെ ഉച്ചക്കഞ്ഞിവരെ മുടങ്ങി. പി.എസ്.സി റാങ്ക് ഹോള്‍ടേഴ്‌സിന്റെ കണ്ണീര്‍ കാണാത്ത സര്‍ക്കാരാണ് കോടികള്‍ പൊടിച്ച് വാര്‍ഷികം ആഘോഷിക്കുന്നതെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

ഒരു ലക്ഷം കോടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൽകാനുള്ള ആനുകൂല്യം. ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യം മുടങ്ങിയിട്ട് ഒന്നര വര്‍ഷത്തിലേറെയായി. വന്യജീവി ആക്രമണത്തില്‍ ആയിരം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഈ വര്‍ഷം മാത്രം 19 പേര്‍ കൊല്ലപ്പെട്ടു. വന്യജീവി ശല്യം പ്രതിരോധിക്കാന്‍ സര്‍ക്കാരിന് നടപടികളില്ല. അതിന് പണവും അനുവദിക്കുന്നില്ല. കാര്‍ഷിക മേഖലയും പരമ്പരാഗത വ്യവസായ മേഖലയും മത്സ്യത്തൊഴിലാളി മേഖലയും വന്‍ തകര്‍ച്ചയിലാണ്. മദ്യവും മയക്കുമരുന്നും വ്യാപകമായി. തെരുവുനായ ശല്യം മൂലം ജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും ആനകയറിയ കരിമ്പിന്‍ തോട്ടം പോലെയായി. എല്ലാ ആരോഗ്യ സുരക്ഷാ പദ്ധതികളും അവതാളത്തിലാണ്. സര്‍വകാലാശകളില്‍ വൈസ് ചാന്‍സിലര്‍മാരും പ്രിന്‍സിപ്പല്‍മാരുമില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി വാര്‍ഡുകള്‍ വിഭജിക്കുകയും എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. ചെരിപ്പിന് അനുസരിച്ച് കാലുമുറിക്കുന്നത് പോലെയാണ് പല പഞ്ചായത്തുകളിലും വാര്‍ഡുകളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ചത്.

ഗാന്ധി സ്തൂപങ്ങള്‍ വ്യാപകമായി തകര്‍ത്ത സി.പി.എം നടപടിയെ അവരുടെ നേതൃത്വമോ സര്‍ക്കാരോ ഇതുവരെ തള്ളിപ്പറഞ്ഞില്ല. ഗാന്ധി പ്രതിമ തകര്‍ക്കുന്നത് പാര്‍ട്ടി നയമാണോയെന്ന് സി.പി.എം വ്യക്തമാക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സി.പി.എമ്മിന്റെയും പൊലീസിന്റെയും കയ്യേറ്റങ്ങള്‍ ഒരുപോലെ നേരിടേണ്ടി വരുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ സി.പി.എം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണ്. കൊലപാതക കേസില്‍ കുറ്റാരോപിതരായ വ്യക്തികളെ സ്വീകരിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ നേരിട്ട് പോകുന്നു. മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യത്തിന് മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹം ഭരണം അവസാനിപ്പിക്കുന്നതിനായി കോണ്‍ഗ്രസും യു.ഡി.എഫും ടീം ആയി പ്രവര്‍ത്തിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaydestroyedSunny JosephCongress
News Summary - Sunny Joseph react to National Highway Destroyed
Next Story