എം.വി. ഗോവിന്ദൻ അറിയാതെ സത്യം പറഞ്ഞു, നേതാക്കൾ മൂടിവെക്കാനാണ് ശ്രമിച്ചത്; സ്വരാജ് ലഘൂകരിക്കുന്നത് സ്ഥാനാർഥിയായതിനാൽ -സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: സി.പി.എം നേതാക്കൾ ഇതുവരെ മൂടിവെക്കാൻ ശ്രമിച്ച സത്യമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് അറിയാതെ പറഞ്ഞുപോയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എൽ.എ. ഇതുവരെ ഈ സത്യം സി.പി.എം നേതാക്കൾ മൂടിവെക്കാനാണ് ശ്രമിച്ചത്. സി.പി.എമ്മിനെ പല ഘട്ടങ്ങളിലും നയിച്ചിട്ടുള്ള രാഷ്ട്രീയചിന്ത അന്ധമായ കോൺഗ്രസ് വിരോധമാണ്. കോൺഗ്രസിനെ എതിർക്കാൻ സി.പി.എം ആർ.എസ്.എസുമായി രഹസ്യവും പരസ്യവുമായ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
നെഹ്റുവിന്റെ കാലംമുതൽ സി.പി.എമ്മിന് കോൺഗ്രസ് വിരോധമുണ്ട്. കോൺഗ്രസിന്റെ പ്രധാനമന്ത്രിമാരെയും നേതാക്കളെയും പല ഘട്ടത്തിലും ആർ.എസ്.എസിനെ കൂട്ടുപിടിച്ച് സി.പി.എം എതിർത്തിട്ടുണ്ട്. അന്ധമായ കോൺഗ്രസ് വിരോധത്തെ വിജയത്തിലേക്ക് എത്തിക്കാനായി ആർ.എസ്.എസുമായും ബി.ജെ.പിയുമായും പരസ്യമായ രാഷ്ട്രീയബന്ധമുണ്ടാക്കി.
തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ പോലും ഇവർ ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. ഇ.എം.എസ് ഉൾപ്പെടെയുള്ള മുൻകാല നേതാക്കൾ എൽ.കെ. അദ്വാനിയുടെയും വാജ്പേയിയുടെയും കൂടെ അത്താഴവിരുന്നുകളിലും വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സ്വരാജ് ഇതിനെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് സ്ഥാനാർഥിയായത് കൊണ്ടാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ജനതാദൾ നേതാവ് ദേവഗൗഡയെ പ്രധാനമന്ത്രിയാക്കിയത് ബി.ജെ.പിയെ എതിർക്കാൻ വേണ്ടിയാണ്. അവർ പിന്നീട് കോൺഗ്രസിനെ വഞ്ചിച്ചുപോയി. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ആ ജനതാദളിന്റെ കേരളഘടകം ഇപ്പോൾ പിണറായി വിജയന്റെ കൂടെയാണ്. അവരിപ്പോഴും എൽ.ഡി.എഫ് മന്ത്രിസഭയിൽ തുടരുകയും ചെയ്യുന്നു. ആർ.എസ്.എസ് ബന്ധം തുറന്നു സമ്മതിച്ച എം.വി. ഗോവിന്ദന്റെ പ്രസ്താവന എം. സ്വരാജ് ലഘൂകരിക്കാൻ ശ്രമിക്കുന്നത് സ്ഥാനാർഥിയായതത കൊണ്ടാണ്. ഇത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വരാജിനെ ബാധിക്കും.
സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി സി.പി.എം-ആർ.എസ്.എസ് ബന്ധം സമ്മതിച്ചിരിക്കുകയാണ്. കോൺഗ്രസ് ഒരിക്കലും ആർ.എസ്.എസുമായി ബി.ജെ.പിയുമായും ബന്ധം ഉണ്ടാക്കിയിട്ടില്ല. അത്തരത്തിലുള്ള സി.പി.എമ്മിന്റെ അവകാശവാദം സത്യവിരുദ്ധമാണ്. ആർ.എസ്.എസും ബി.ജെ.പിയുമായി ചേരാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസെന്നും സണ്ണി ജോസഫ് പറഞ്ഞു.
സി.പി.എമ്മിന് ബി.ജെ.പിയല്ല, കോൺഗ്രസാണ് ഒന്നാംനമ്പർ ശത്രു. കോൺഗ്രസിനെ എതിർക്കാൻ ആർ.എസ്.എസുമായി രഹസ്യമായും പരസ്യമായും ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പരസ്യബാന്ധവം ഗോവിന്ദൻ മാഷ് സമ്മതിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി തങ്ങൾക്ക് ബാന്ധവമില്ല. പിന്തുണ തന്നത് സ്വീകരിക്കുകയാണ് ചെയ്തതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

