‘ജനങ്ങളുടെ നികുതിപ്പണം സി.പി.എം പ്രവര്‍ത്തകര്‍ക്ക് വീതിച്ച് നല്‍കുന്നത് തെറ്റ്’; പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷൻ നൽകുന്നതിൽ സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫിന്റെ മറവില്‍ സി.പി.എമ്മുകാര്‍ക്ക് കൂട്ടമായി പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ നടപടി ജനവിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എല്‍.എ. ഈ വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മറുപടി തൃപ്തികരമല്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉത്തരവാദിയാണ്. ജനങ്ങളുടെ നികുതിപ്പണം സി.പി.എം പ്രവര്‍ത്തകര്‍ക്ക് അനര്‍ഹമായി വീതിച്ച് നല്‍കുന്നത് തെറ്റായ നിലപാടാണ്. അത് സര്‍ക്കാര്‍ തിരുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
സര്‍ക്കാറിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ വിധിയായിരിക്കും നിലമ്പൂരിലേത്. യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് എന്നീ വിജയങ്ങളുടെ ആവര്‍ത്തനം തന്നെയായിരിക്കും നിലമ്പൂരിലേതും. ഇവിടെയെല്ലാം നേരത്തെ എൽ.ഡി.എഫ് അവകാശവാദം ഉന്നിയിച്ചിട്ടും സി.പി.എം പരാജയപ്പെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
പി.വി. അന്‍വര്‍ വിഷയം ഇപ്പോള്‍ പ്രതികരിക്കാനില്ല. അത് പിന്നീട് യു.ഡി.എഫ് ആലോചിക്കും. ഈ മാസം 27ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പൊതുവായ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ 1100 വോട്ടര്‍മാര്‍ വീതമുള്ള പോളിങ് സ്‌റ്റേഷനുകള്‍ രൂപീകരിക്കണം
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പരമാവധി 1100 വോട്ടര്‍മാര്‍ വീതമുള്ള പോളിങ് സ്‌റ്റേഷനുകള്‍ രൂപീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കി.
തെരഞ്ഞെടുപ്പ് കമീഷന്റെ നിലവിലെ ഉത്തരവ് പ്രകാരം പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും പോളിങ് സ്റ്റേഷന്‍ ക്രമീകരിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇത് അപ്രായോഗികമായ നിര്‍ദേശമാണ്.
പോളിങ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ധിക്കുകയും പോളിങ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര രൂപപ്പെടുകയും ചെയ്യും. ഇത് പോളിങ് ശതമാനം കുറയുന്നതിന് കാരണമാകുമെന്നും സണ്ണി ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി.
ക്ഷേമ പെന്‍ഷന്‍ നൽകുമെന്ന് പറഞ്ഞുപറ്റിച്ച ധനമന്ത്രി മാപ്പുപറയണം
ക്ഷേമ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ട് ഇതുവരെ നല്‍ക്കാത്തത് നിലമ്പൂര്‍ ഉപതെരഞ്ഞെടപ്പില്‍ വോട്ട് തട്ടാനുള്ള സര്‍ക്കാറിന്‍റെ തന്ത്രമായിരുന്നെന്ന് തെളിഞ്ഞെന്ന് സണ്ണി ജോസഫ് പറഞ്ഞു.
നിലമ്പൂരില്‍ ഈ മാസം 19ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് 20 മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി ജൂണ്‍ 16ന് പ്രഖ്യാപിച്ചത്. എന്നാല്‍ 20 തീയതി കഴിഞ്ഞിട്ടും കേരളത്തില്‍ ഒരാള്‍ക്കും ക്ഷേമ പെന്‍ഷന്‍ കിട്ടിയില്ല. ജനങ്ങളുടെ അവകാശമായ ക്ഷേമപെന്‍ഷനെ എൽ.ഡി.എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ലാഭത്തിനായി രാഷ്ട്രീയമായി ഉപയോഗിച്ചു. ഇതാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്.
ഈ മാസം 20 തീയതി തന്നെ ക്ഷേമപെന്‍ഷവന്‍ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തത് ഖജനാവില്‍ പണമുണ്ടോ എന്നുപോലും ഉറപ്പിക്കാതെയാണ്. ഇതു പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരിയതു പോലെയാണ്. നിലമ്പൂരിലെ വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 20ന് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന അസാധാരണമായ പ്രഖ്യാപനം വോട്ടെടുപ്പ് തീയതിക്ക് മുമ്പ് ധനമന്ത്രി നടത്തിയത്.
എല്ലാ മാസവും 20ന് ശേഷമാണ് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതെങ്കിലും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അത് നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ക്ഷേമ പെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച എൽ.ഡി.എഫ് സര്‍ക്കാരും ധനമന്ത്രിയും കേരള സമൂഹത്തോട് മാപ്പുപറണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

