സ്ത്രീ പള്ളിപ്രവേശ വിവാദം മതയുക്തിവാദികളുടെ സൃഷ്ടിയെന്ന് സുന്നി നേതാക്കള്‍
text_fieldsകോഴിക്കോട്: സ്ത്രീകളെ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ, രണ്ടാംകിട പൗരന്മാരായി കാണുന്നവരാണ് സുന്നികളെന്ന വാസ്തവവിരുദ്ധ ദുഷ്പ്രചാരണം നടത്തുന്ന മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മതയുക്തിവാദികളുടെ ശ്രമങ്ങളില്‍ വഞ്ചിതരാകരുതെന്ന് സുന്നി സമസ്ത നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ദിനംപ്രതി പള്ളികളില്‍ നടക്കുന്ന പ്രാർഥനകളില്‍ സ്ത്രീകള്‍ പങ്കെടുക്കണമെന്ന് നിർദേശിക്കുന്ന രേഖ ഖുര്‍ആനിലോ നബിവചനങ്ങളിലോ മറ്റു ആധികാരിക കർമശാസ്ത്ര ഗ്രന്ഥങ്ങളിലോ ഇല്ല. മറിച്ച് പുരുഷന്മാരാണ് പള്ളിയില്‍ നമസ്കരിക്കേണ്ടതെന്ന് ഖുർആനിൽ പറയുന്നുമുണ്ട്. നബി പഠിപ്പിച്ച നിയമങ്ങള്‍ എക്കാലവും മുസ്ലിംകള് തുടരും. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും തിരുത്തുകയും ചെയ്യുന്ന പ്രത്യയശാസ്ത്രമല്ല ഇസ്ലാം.
സ്ത്രീകളുടെ വിഷയത്തില്‍ ഇസ്ലാം നിശ്ചയിച്ച മാര്‍ഗരേഖ അംഗീകരിക്കാന്‍ മുസ്ലിംകള് ബാധ്യസ്ഥരാണെന്നും സുന്നി യുവജന സംഘം സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി എം. അബ്ദുറഹ്മാന് മുസ്ലിയാര് കൊടക്, സമസ്ത എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി. അഷ്റഫ് കുറ്റിക്കടവ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

