Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം വിമർശനവുമായി...

സി.പി.എം വിമർശനവുമായി സുന്നി കാന്തപുരം വിഭാഗം

text_fields
bookmark_border
സി.പി.എം വിമർശനവുമായി സുന്നി കാന്തപുരം വിഭാഗം
cancel

കോഴിക്കോട്: സി.പി.എമ്മിനോട് ചേർന്ന് നിന്ന സുന്നി കാന്തപുരം വിഭാഗം വിമർശനവുമായി രംഗത്ത്. കമ്യൂണിസ്റ്റ് പാർട്ടികളുടെ ലിബറൽ ആശയങ്ങൾ അടിച്ചേൽപിക്കാനുള്ള ഗൂഢതന്ത്രങ്ങളെ വിമർശിച്ച് സുന്നി യുവജന, വിദ്യാർഥി ​സംഘടനകൾ രംഗത്തുവന്നു. സി.പി.എമ്മുമായുള്ള ആശയസംവാദത്തിൽനിന്ന് അകന്നുനിൽക്കുകയായിരുന്നു കാന്തപുരം വിഭാഗം. എന്നാൽ, വിദ്യാർഥി യുവജനങ്ങളിൽ സ്വതന്ത്ര ചിന്താഗതി വളർത്തി അതിലൂടെ അവരെ നിരീശ്വര, നിർമത വാദങ്ങളിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്ന ഇടതു സംഘടന പ്രവർത്തനങ്ങൾക്കെതിരെയാണ് രംഗത്തിറങ്ങിയത്. പാർട്ടിയുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് അധികാര പിൻബലം തുണയാകുന്നു എന്ന വിലയിരുത്തലിൽകൂടിയാണ് വിമർശനം. സി.പി.എം സമ്മേളനങ്ങളുടെ പശ്ചാത്തലത്തിൽ മത സംഘടനകളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് കാന്തപുരം വിഭാഗത്തി​ന്‍റെ നീക്കം. അന്ധമായ സി.പി.എം വിധേയത്വം തങ്ങളുടെ പ്രവർത്തകരെക്കൂടി അരാജകത്വ വാദത്തിലേക്ക് തള്ളിവിടുമെന്നുള്ള ആശങ്ക വിമർശനങ്ങളിൽ പ്രകടമാണ്.

കോഴി​ക്കോട് ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ ​ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കിയത് കേവലമൊരു യൂനിഫോം മാറ്റം മാത്രമായി കാണാനാകില്ലെന്നും സി.പി.എമ്മി​ന്‍റെ നയ സമീപനത്തി​ന്‍റെ ഭാഗമാണെന്നുമാണ് സുന്നി യുവജന സംഘത്തി​ന്‍റെ വിലയിരുത്തൽ. മറുഭാഗത്തി​ന്‍റെ വാദമുഖങ്ങൾ അവഗണിച്ച് മന്ത്രി തന്നെ രംഗത്തിറങ്ങി , അധികാരം ആശയ കൈകടത്തലിന് ദുരുപയോഗം ചെയ്യുന്നതി​ന്‍റെ ഉദാഹരണമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം സിറാജ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു.

ഭരണകൂട പിന്തുണയിൽ മതനിയമങ്ങളിൽനിന്നുള്ള വിമോചനത്തിന് ശ്രമിക്കുന്നത് ആപൽകരമാണ്. മത ന്യൂനപക്ഷ പിന്തുണ മതസംഘടനകളിലൂടെ നടപ്പാക്കിയിരുന്ന പതിവുരീതിക്കുപുറമെ, ലിബറലിസത്തിലൂടെ അവരിലെ പുതിയ തലമുറയെ മതമുക്തരാക്കിയെടുത്ത് ആശയപരമായി തങ്ങളോടൊപ്പം ചേർത്തുനിർത്തുകയും ക്രമേണ നേരിട്ടുതന്നെ മത ന്യൂനപക്ഷ വിഭാഗങ്ങളി​ലേക്ക് ഇറങ്ങിവരാനുള്ള മണ്ണൊരുക്കുകയാണ് ലക്ഷ്യമിടുന്ന​തെന്നും റഹ്മത്തുല്ല സഖാഫി വ്യക്തമാക്കി.

സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷൻ (എസ്.എസ്.എഫ്) ഇറക്കിയ വാർത്ത ബുള്ളറ്റിനിൽ കാമ്പസുകളിലെ സാംസ്കാരിക, സദാചാര മേഖലയിൽ അരാജകത്വമുണ്ടാക്കാനുള്ള എസ്.എഫ്.ഐ ശ്രമങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു. നാളിതുവരെ കാത്തുസൂക്ഷിച്ച മൂല്യങ്ങളെ തിരസ്കരിച്ച് അനിയന്ത്രിതമായ വ്യക്തി സ്വാതന്ത്ര്യത്തി​ന്‍റെ പേരിൽ അധാർമികത സ്ഥാപിക്കാനാണ് എസ്.​എഫ്​.ഐ ശ്രമമെന്നും നിലവാരമുള്ള രാഷ്ട്രീയം പറയാനില്ലാത്ത നിസ്സഹായതയിൽനിന്നാണ് സദാചാരരാഹിത്യ പ്രവർത്തനങ്ങൾ സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും കുറ്റപ്പെടുത്തുന്നു. കാസർകോട് എൽ.ബി.എസ് കോളജിൽ ഉൾപ്പെടെ എസ്.എഫ്​.ഐയുടെ ഇത്തരം നീക്കങ്ങളുടെ അപകടം തിരിച്ചറിഞ്ഞാണ് വിദ്യാർഥി, യുവജനങ്ങൾക്കിടയിലെ ബോധവത്കരണമെന്ന് എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സി.എൻ. ജാഫർ 'മാധ്യമ'ത്തോട് പറഞ്ഞു. ഇവിടെ എസ്.എഫ്.ഐ ഇറക്കിയ പോസ്റ്ററുകൾ അധാർമികവും മൂല്യനിരാസം ഉയർത്തുന്നതുമാണ്.

എസ്.വൈ.എസ് കോഴിക്കോട് ജില്ല സെക്രട്ടറി മുഹമ്മദലി കിനാലൂരും സി.പി.എം നയങ്ങളെ വിമർശിച്ചിരുന്നു. അരാജകത്വ ചിന്ത വളർത്തുന്ന എസ്.എഫ്.ഐയോ ഡി.വൈ.എഫ്​.ഐയോ അല്ല പ്രശ്നമെന്നും മാതൃസംഘടനയായ സി.പി.എമ്മും ചിന്തയിൽ ചുമന്നുനടക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമാണ് പ്രശ്നത്തി​ന്‍റെ നാരായ വേരെന്നും മുഹമ്മദലി ഫേസ്ബുക്കിൽ കുറിച്ചു.

Show Full Article
TAGS:kanthapuram sunni CPM 
News Summary - Sunni Kanthapuram faction criticizes CPM
Next Story