മുങ്ങിയ കപ്പലിലെ ജീവനക്കാരുടെ മടക്കം: മജിസ്ട്രേറ്റ് കോടതിയിലെ റിപ്പോർട്ട് തേടി ഹൈകോടതി
text_fieldsകൊച്ചി: അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ-മൂന്ന് കപ്പലിലെ ജീവനക്കാർ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അനുമതി തേടി നൽകിയ ഹരജിയിൽ ഹൈകോടതി, മജിസ്ട്രേറ്റ് കോടതിയുടെ റിപ്പോർട്ട് തേടി.
കപ്പലിലെ ഏഴ് ജീവനക്കാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തോപ്പുംപടി കോടതിയിൽ നിന്ന് റിപ്പോർട്ട് തേടിയത്. മർച്ചന്റ് ഷിപ്പിങ് നിയമപ്രകാരമുള്ള അന്വേഷണത്തിന് കേന്ദ്ര സർക്കാർ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിൽ സ്വീകരിച്ച നടപടികളും അന്വേഷണം വൈകുന്നതിന്റെ കാരണവും അറിയിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. കഴിഞ്ഞ സെപ്തംബറിലാണ് അപേക്ഷ നൽകിയത്.
അന്വേഷണം എന്ന് തീർക്കാനാവുമെന്ന് വ്യക്തമാക്കണം. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ പാസ്പോർട്ട് അടക്കം രേഖകൾ മടക്കി നൽകണമെന്നാവശ്യപ്പെട്ട് കപ്പൽ ക്യാപ്റ്റൻ അടക്കം റഷ്യ, ഉക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് ഹരജി നൽകിയത്.
കഴിഞ്ഞ വർഷം മേയ് 25ന് അറബിക്കടലിൽ കേരള തീരത്തുനിന്ന് 14 നോട്ടിക്കൽ മൈൽ അകലെ കപ്പൽ മുങ്ങിയതിനെ തുടർന്ന് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് തങ്ങളെ ഒരു വർഷമായി നിയമ വിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ഹരജിയിലെ ആരോപണം. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

