മുങ്ങിയ കപ്പൽ: ഗൗരവ മലിനീകരണമില്ലെന്ന് കമ്പനി
text_fieldsകൊച്ചി: അറബിക്കടലിൽ മുങ്ങിയ എം.എസ്.എസി എൽസ-3 കപ്പലിൽനിന്ന് ഗൗരവമുള്ള മലിനീകരണമോ പരിസ്ഥിതിക്ക് ഭീഷണിയായ സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്ന് കപ്പൽ കമ്പനി ഹൈകോടതിയിൽ. മലിനീകരണം ലഘൂകരിക്കാൻ മറ്റ് സ്ഥാപനങ്ങളുമായി യോജിച്ച് എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും (പി.സി.ബി) വ്യക്തമാക്കി. കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ ഉൾപ്പെടെ നൽകിയ പൊതുതാൽപര്യ ഹരജികളിൽ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും (എം.എസ്.സി) പി.സി.ബിയും സമർപ്പിച്ച സത്യവാങ്മൂലങ്ങളിലാണ് വിശദീകരണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജികൾ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് വിശദീകരണം.
എൽസ കപ്പലിൽ 13 കണ്ടെയ്നറുകളിലാണ് ഹാനികരമായ വസ്തുക്കൾ ഉണ്ടായിരുന്നതെന്ന് എം.എസ്.സി അറ്റോണി ജേക്കബ് ജോർജ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കപ്പലിനൊപ്പം മുങ്ങിയ ആകെ 643 കണ്ടെയ്നറുകളിൽ 65 എണ്ണം കണ്ടെത്തി. ഇവയിലേറെയും പ്ലാസ്റ്റിക് നർഡിൽസ് ആയിരുന്നു. അധികൃതരുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. കടലിൽ കലർന്ന എണ്ണപ്പാടയും നീക്കി. മൺസൂണിനുശേഷം മുങ്ങിയ കപ്പലിലും ശുദ്ധീകരണം പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു.
കപ്പൽ മുങ്ങിയ ദിവസം മുതൽ കർമരംഗത്തുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. കോസ്റ്റ് ഗാർഡ്, ദുരന്ത നിവാരണ അതോറിറ്റി എന്നിവയുമായി ഏകോപിച്ച് പ്രവർത്തനങ്ങൾ തുടരുകയാണ്. ഓയിൽ കണ്ടിൻജെൻസി പ്ലാൻ തയാറാക്കാൻ ടെൻഡർ നൽകിയെന്നും സീനിയർ എൻവയൺമെന്റൽ എൻജിനീയർ എബി വർഗീസ് സത്യവാങ്മൂലത്തിൽ അറിയിച്ചു.
കോവളം മുതൽ കൊല്ലം വരെയുള്ള തീരത്തുനിന്ന് 1623 ചാക്കുകളിലായി 32,922 കിലോ നർഡിൽസ് ശേഖരിച്ചു. മണൽ വേർതിരിച്ചശേഷം ഇത് കൊച്ചി അമ്പലമുകളിലെ കേരള എൻവിറോൺ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റിഡിൽ എത്തിച്ച് സംഭരിക്കും.
വാൻ ഹായ് കപ്പലിന് തീപിടിച്ച സംഭവത്തിൽ കേരള തീരത്ത് വായുമലിനീകരണം ഉണ്ടായിട്ടില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. പൊന്നാനിയിൽ വെള്ളത്തിന്റെ പി.എച്ച് മൂല്യത്തിൽ വ്യതിയാനമുണ്ടായത് കപ്പൽ അപകടം മൂലമാണെന്ന് ഉറപ്പിക്കാനായില്ലെന്നും ബോർഡ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

