സുനിഷയുടെ ആത്മഹത്യ: കുറ്റപത്രം സമർപ്പിച്ചു
text_fieldsപയ്യന്നൂർ: കോറോത്തെ കെ.വി. സുകുമാരെൻറ മകൾ കൊളങ്ങരത്ത് വളപ്പിൽ സുനിഷ (26) ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രനാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 300ലധികം പേജുള്ള കുറ്റപത്രത്തിൽ 60ലധികം സാക്ഷികളുണ്ട്.
സുനിഷയുടെ ഭർത്താവ് വെള്ളൂർ ചേനോത്തെ കെ.പി. വിജീഷ് (27), മാതാവ് പൊന്നു (55), പിതാവ് രവീന്ദ്രൻ (61) എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ആഗസ്റ്റ് 29ന് വൈകീട്ടാണ് സുനിഷയെ വെള്ളൂരിലുള്ള ഭർതൃ വീട്ടിലെ ശുചിമുറിയുടെ വെൻറിലേറ്ററിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 2020 മാർച്ച് 12ന് ആയിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു.
കേസിൽ പൊലീസ് ഉദാസീനത കാണിക്കുന്നുവെന്നും അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം കിട്ടിയത് പൊലീസിെൻറ അനാസ്ഥകാരണമാണെന്നും ആരോപിച്ച് സുനിഷയുടെ വീട്ടുകാർ നേരത്തെ രംഗത്തുവന്നിരുന്നു. നാട്ടിൽ ആക്ഷൻ കമ്മിറ്റിക്ക് നീക്കം നടക്കുന്നതിനിടെയാണ് കുറ്റപത്രം സമർപ്പിച്ചത്.