ഏഴുപേർക്ക് കൂടി സൂര്യാതപമേറ്റു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സൂര്യാതപമേറ്റ് ചികിത്സ തേടിയത് ഏഴുപേർ. നാലു പേർക്ക് പൊള്ളലും ആലപ്പുഴയിൽ മൂന്നുപേർക്ക് ചൂടേറ്റ് ശരീരത്തിൽ പാടുകളും രൂപപ്പെട്ടു. കോഴിക്കോട്, കൊല്ലം, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതമാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നേരിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഉച്ചക്ക് ശേഷമാണ് മഴ പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ സൂര്യാഘാത-സൂര്യാതപ മുന്നറിയിപ്പുകൾ തുടരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽനിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽനിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.
