സുംനഫ്താഖ് ഫ്ലാവേൽ നൂൺ ഖരസിനോവ്... സോറി, തെറ്റിയതല്ല; ഇതൊരു മലയാളിപ്പേരാണ്
text_fieldsസുരേന്ദ്രനും കുടുംബവും
കോഴിക്കോട്: ചില പൊലീസുകാരുടെ പേരു കേട്ടാൽ ആരും ഒന്ന് ഞെട്ടും... എന്നാൽ പൊലീസുകാരന്റെ മക്കളുടെ പേരു കേട്ടാൽ ആളുകൾ ഞെട്ടുന്നത് അപൂർവമല്ലേ? എന്നാൽ അത്തരത്തിലൊരു അപൂർവതയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കൊയിലാണ്ടിക്കടുത്ത തിരുവങ്ങൂർ സ്വദേശിയും റിട്ട. പൊലീസുകാരനുമായ ടി.സി. സുരേന്ദ്രന്റെയും തങ്കയുടെയും മക്കളുടെ പേരുകേട്ടാണ് ആളുകൾ ‘ഞെട്ടുന്നത്’.
മുമ്പ് തിരക്കഥയെഴുതി നാടകം സംവിധാനംചെയ്തു നടന്ന കാലത്താണ് സുരേന്ദ്രന് ആദ്യ മകൻ പിറക്കുന്നത്. പേരിനൊരു പുതുമ വേണമെന്ന് തോന്നിയതോടെ പതിവായി കേൾക്കുന്നവയെല്ലാം ഒഴിവാക്കി. സുരേന്ദ്രന്റെ ‘സു’യും തങ്കയുടെ ‘ത’യും കൂട്ടിച്ചേർത്ത് പ്രാസമൊപ്പിക്കാൻ ‘ഖ’യും ചേർത്തതോടെ ആദ്യ മകൻ സുംതാഖ് ആയി. ഇഷ്ടപ്പെട്ട ഗവർണറുടെ പേരിനോടൊപ്പം ഇഷ്ട വാക്കും കൂടി ചേർത്തതോടെ മൂത്ത മകൻ സുംതാഖ് ജയ്സിൻ ഋഷിനോവ് എന്നറിയപ്പെട്ടു.രണ്ടാമത്തെ മകന്റെ പേരിലും ഒട്ടും കുറവുവരുത്തിയില്ല.
ഇതോടെ ഇവൻ സുംഷിതാഖ് ലിയോഫർദ് ജിഷിനോവ് ആയി. മൂന്നാമന് സുംനഫ്താഖ് ഫ്ലാവേൽ നൂൺ ഖരസിനോവ് എന്നും പേരുനൽകി. വായനയെ ഇഷ്ടപ്പെട്ട സുരേന്ദ്രൻ മുമ്പ് പത്രത്തിൽ വായിച്ച ലേഖനത്തിൽനിന്നാണ് ഖരസിനോവ് എന്ന പേര് കിട്ടിയത്. മൂന്നാളുടെയും പേര് ‘നോവ്’ൽ അവസാനിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതിനാൽ അവരെ യഥാക്രമം ഋഷിനോവ്, ജിഷിനോവ്, ഖരസിനോവ് എന്ന് വിളിച്ചു. മക്കളുടെ പേര് മാത്രമല്ല, വീട്ടുപേരിലും വ്യത്യസ്തതയുണ്ട്. ‘ത്രയാഖ് കരേസ്’ എന്നാണ് വീട്ടുപേര്. കരേസ് എന്ന ഇംഗ്ലീഷ് വാക്കിനർഥം ഓമനിക്കുക, താലോലിക്കുക, ലാളിക്കുക എന്നിങ്ങനെയാണ്. ത്രയാഖ് എന്നാൽ മൂന്ന് എന്നും.
കുണ്ടൂപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ സുംനഫ്താഖ് ഫ്ലാവേൽ നൂൺ ഖരസിനോവിന്റെ വിവാഹ ക്ഷണക്കത്തോടെയാണ് പേര് കൂടുതൽ ചർച്ചയായത്. ജനുവരിയിൽ പെരിങ്ങൊളം സ്വദേശിനിയും ബയോ മെഡിക്കൽ എൻജിനീയറുമായ അനേനയെയാണ് ഇദ്ദേഹം വിവാഹം ചെയ്യുന്നത്. ഇവരുടെ കല്യാണക്കുറി ലഭിക്കുന്നതോടെ ആളുകൾ പേരിലെ പുതുമ കണ്ട് ‘ഞെട്ടുക’യാണ്.
സുംതാഖിന്റെ മകൻ സുംഹൈതാഖ് മെസ്ലിൻ ജൂറിയനോവിന്റെയും സുംഷിതാഖിന്റെ മക്കളായ സാത്വിക് ജുവാൻ ജിഷിനോവിന്റെയും സിദേൻ വെസ്ലി ജിഷിനോവിന്റെയും പേരിലും പുതുമയുണ്ട്. സുംഹൈതാഖിന്റെ കുഞ്ഞുസഹോദരി ശിവക്കും ഉടൻ പുതുമയാർന്ന പേര് ഈ കുടുംബം നൽകും.