തോമസ് ഐസക്കിന് വീണ്ടും സമൻസ്: ഇ.ഡിയോട് വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി മുൻ മന്ത്രി തോമസ് ഐസക്കിന് സമൻസ് അയച്ചതിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) ഹൈകോടതി വിശദീകരണം തേടി. ഏത് സാഹചര്യത്തിലാണ് വീണ്ടും സമൻസ് നൽകിയതെന്ന് അറിയിക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിർദേശം.
ഇ.ഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹരജിയിലാണ് നിർദേശം. ഇ.ഡി മുമ്പാകെ ഹാജരാകണമോ വേണ്ടയോയെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും അറസ്റ്റുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. കിഫ്ബിയാണ് വിവരങ്ങൾ നൽകേണ്ടതെന്ന് കോടതി സൂചിപ്പിച്ചിട്ടും ഇ.ഡി വീണ്ടും സമൻസ് അയച്ചിരിക്കുകയാന്നെന്നാണ് തോമസ് ഐസക്കിന്‍റെ ഹരജിയിൽ പറയുന്നത്. ഈ മാസം 12ന് ഹാജരാകാനാണ് സമന്‍സ്.
തീരുമാനങ്ങൾ വ്യക്തിപരമായിരുന്നില്ല. അതിനാൽ, ഇക്കാര്യത്തിൽ തനിക്ക് പ്രത്യേകമായി വിവരങ്ങൾ ലഭിക്കില്ല. ഈ സാഹചര്യത്തിൽ സമൻസ് താൽക്കാലികമായി സ്റ്റേ ചെയ്യണമെന്നും തോമസ് ഐസക്കിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ജയ്‌ദീപ് ഗുപ്ത ആവശ്യപ്പെട്ടു. അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നുണ്ടെന്ന് കോടതിയും വിലയിരുത്തി. തുടർന്ന് ഹരജി വീണ്ടും 18ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

