സർചാർജ് പരിധി നീക്കൽ: വേനൽകാലത്തെ വൈദ്യുതി ബില്ല് ഉയരും
text_fieldsതിരുവനന്തപുരം: വൈദ്യുത ബില്ലിൽ ഇന്ധന സർചാർജ് പരിധിയില്ലാതെ ഇൗടാക്കാൻ റഗുലേറ്ററി കമീഷൻ അനുവദിക്കുന്നതുവഴി വേനൽകാലത്തെ ബിൽ തുക ഉയരുമെന്ന് ഉറപ്പായി. വേനൽകാലത്താണ് കെ.എസ്.ഇ.ബി വിലകൂടിയ വൈദ്യുതി ഇതര സംസ്ഥാനങ്ങളിലെ ഉൽപാദകരിൽ നിന്ന് വാങ്ങുന്നത്. യൂനിറ്റിന് പത്ത് രൂപക്ക് മുകളിലേക്ക് വേനൽകാലത്ത് പീക്ക്സമയ വൈദ്യുതിക്ക് വില ഉയരാറുണ്ട്.
വൈദ്യുതി വാങ്ങൽ ചെലവിലെ അധിക ബാധ്യത ഉപഭോക്താക്കളിൽ നിന്ന് പരിധിയില്ലാതെ ഇന്ധന സർചാർജായി ഇൗടാക്കാനുള്ള അനുമതി ലഭിക്കുന്നതോടെ കെ.എസ്.ഇ.ബിയുടെ നഷ്ടം കുറയും. നിലവിൽ യൂനിറ്റിന് പത്ത് പൈസയായി നിജപ്പെടുത്തിയ സർചാർജ് പിരിവാണ് വൈകാതെ ഉയരുക. ഇതുസംബന്ധിച്ച് താരിഫ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി കമീഷൻ കരട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. കരടിൽ 23നാണ് തെളിവെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. ഇതിനുശേഷം ചട്ടഭേദഗതി സംബന്ധിച്ച് കമീഷൻ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ വൈദ്യുതി വാങ്ങൽ ചെലവിന്റെ ബാധ്യത പൂർണമായും ഉപഭോക്താക്കളിലേക്കെത്തും.
ഇന്ധന സർചാർജ് പിരിവിലെ സീലിങ് എടുത്തുകളയുന്നത് കേന്ദ്ര നയത്തിന്റെയും ഇതിന്റെ അടിസ്ഥാനത്തിലുള്ള സംസ്ഥാന സർക്കാർ ഉത്തരവിെന്റയും അടിസ്ഥാനത്തിലാണെന്ന് കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. സർചാർജ് പരിധി എടുത്തു കളഞ്ഞാലും ഉപഭോക്തൃ താൽപര്യം സംരക്ഷിക്കുന്നത് തുടരുമെന്നും തെളിവെടുപ്പ് സംബന്ധിച്ച അറിയിപ്പിൽ കമീഷൻ വ്യക്തമാക്കുന്നുണ്ട്. 23ലെ റഗുലേറ്ററി കമീഷൻ തെളിവെടുപ്പ് ഓൺലൈനിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഇത്തരം സുപ്രധാന വിഷയങ്ങളിൽ നേരിട്ടും ഓൺലൈനിലും പങ്കെടുക്കാവുന്നവിധമാണ് കമീഷൻ തെളിവെടുപ്പ് നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

