കുട്ടികൾ ഇനി ഗോവണി കയറേണ്ട, വയനാട്ടിൽ ലിഫ്റ്റുള്ള ആദ്യ പൊതുവിദ്യാലയമായി സുൽത്താൻ ബത്തേരി സർവജന വി.എച്ച്.എസ്.എസ്
text_fieldsസുൽത്താൻ ബത്തേരി: സ്വകാര്യ സ്‌കൂളുകളെ അമ്പരപ്പിക്കുന്ന അടിസ്ഥാനസൗകര്യ വികസനം ഒരുക്കിയ സർക്കാർ സ്കൂളുകളുടെ പട്ടികയിലേക്ക് ലിഫ്റ്റ് സൗകര്യവുമായി വയനാട്ടിലെ സർക്കാർ വിദ്യാലയം. സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ജില്ലയിലെ പൊതുവിദ്യാലയത്തിൽ ആദ്യമായി ലിഫ്റ്റ് സംവിധാനം പ്രവർത്തന സജ്ജമാക്കിയത്.
സുൽത്താൻ ബത്തേരി നഗരസഭ 20 ലക്ഷം രൂപ വകയിരുത്തിയാണ് ലിഫ്റ്റ് നിർമാണം പൂർത്തീകരിച്ചത്. നഗരസഭ ചെയർമാൻ ടി.കെ. രമേഷ് ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഭൗതിക സാഹചര്യങ്ങള്‍ അനിവാര്യമാണെന്നും സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ, ഡിജിറ്റൽ പഠന സൗകര്യങ്ങൾ, മത്സര പരീക്ഷ ജയിക്കാൻ വിവിധ കോഴ്സുകൾ, കൊഴിഞ്ഞു പോക്ക് തടയാൻ ആവശ്യമായ പദ്ധതികൾ എന്നിവ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
സ്കൂളിൽ നടന്ന പരിപാടിയിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും കലാ-കായിക മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു. സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോം ജോസ്, ഷാമില ജുനൈസ്, പ്രിൻസിപ്പാൾ പി.എ. അബ്ദുനാസർ, പ്രധാനാധ്യാപിക ബിജി വർഗീസ്, കൗൺസിലർമാരായ ജംഷീർ അലി, സി.കെ. ആരിഫ്, അസീസ് മാടാല, എം.സി. സാബു, പി.ടി.എ പ്രസിഡന്റ് ടി.കെ. ശ്രീജൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

