സുള്ളി ഡീൽസ്: ഫെമിനിസ്റ്റ് പൊതുസമൂഹത്തിന്‍റെ മൗനം സംഘ്പരിവാറിനുള്ള കുഴലൂത്ത് -ഫ്രറ്റേണിറ്റി
text_fieldsതിരുവനന്തപുരം: സമൂഹ മാധ്യമ അക്കൗണ്ടുകൾ പിന്തുടർന്ന് മുസ്ലിം സ്ത്രീകളുടെ ഫോട്ടോകൾ പകർത്തി അപമാനിക്കാനായി വിൽപനക്കുവെച്ച 'സുള്ളി ഡീൽസ്' വിഷയത്തിൽ ഫെമിനിസ്റ്റ് പൊതുസമൂഹം തുടരുന്ന മൗനം സംഘ്പരിവാറിനുള്ള കുഴലൂത്താണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാൻ.
ഗിറ്റ്ഹബ്ബ് വെബ്സൈറ്റിലൂടെ സുള്ളി ഡീൽസ് എന്നപേരിൽ മുസ്ലിം പെൺകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സംഘ്പരിവാർ ശക്തികൾ നടത്തുന്ന ലൈംഗികവും വംശീയവുമായ അതിക്രമങ്ങൾക്കെതിരെ പൊതുസമൂഹം പുലർത്തുന്ന മൗനം പരിഹാസ്യമാണ്. മുസ്ലിം സ്ത്രീകൾ റേപ്പ് ചെയ്യപ്പെടേണ്ടവരാണെന്ന ഹിന്ദുത്വ ശക്തികളുടെ ആഹ്വാനങ്ങളുടെ തുടർച്ച തന്നെയാണ് ഇത്തരത്തിലുള്ള നടപടികൾ.
സ്ത്രീ അതിക്രമങ്ങൾക്കെതിരെ നിലകൊള്ളുന്നവരെന്ന് അവകാശപ്പെടുന്ന ലിബറൽ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളും വ്യക്തികളും ഇതൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിലാണ് മുന്നോട്ട് പോവുന്നത്. ഡൽഹി പൊലീസ് കേസെടുത്തിട്ട് പോലും ഫെമിനിസ്റ്റ് പൊതുസമൂഹം തുടരുന്ന മൗനം സംഘ്പരിവാറിനുള്ള കുഴലൂത്ത് തന്നെയാണ് എന്നും നജ്ദ റൈഹാൻ പറഞ്ഞു.