സുൽഹഫിന് റീച്ച് മീഡിയ ഫെലോഷിപ്
text_fieldsചെന്നൈ: ആരോഗ്യ പത്രപ്രവർത്തനത്തിനുള്ള റീച്ച് - യു.എസ് എയ്ഡ് മീഡിയ ഫെലോഷിപ്പിന് മാധ്യമം സീനിയർ സബ് എഡിറ്റർ സുൽഹഫ് അർഹനായി. കേരള ആരോഗ്യ മോഡലും പാർശ്വവത്കൃത വിഭാഗങ്ങൾക്കിടയിലെ ക്ഷയരോഗ വ്യാപനവും എന്ന വിഷയത്തെ അധികരിച്ചുള്ള പഠനങ്ങൾക്കാണ് ഫെലോഷിപ്. 20,000 രൂപയും പ്രശസ്തിപത്രവും ടി.ബി റിപ്പോർട്ടിങ്ങിലുള്ള ഉന്നത പരിശീലനവുമാണ് ഫെലോഷിപ്പിൽ ലഭിക്കുക.
ദേശീയതലത്തിൽ 14 പേരാണ് ഫെലോഷിപ്പിന് അർഹരായത്. കേരളത്തിൽ നിന്ന് ഷാലറ്റ് ഷൈലേഷ് (കേരള കൗമുദി), സന്തോഷ് ശിശുപാൽ (മലയാള മനോരമ) എന്നിവരും അർഹരായി.
മലപ്പുറം ജില്ലയിലെ വണ്ടുർ സ്വദേശിയാണ് സുൽഹഫ്. കരുവാടൻ ബദറുദീൻെറയും സുലൈഖയുടെയും മകനാണ്. 2011ൽ മാധ്യമം പത്രാധിപ സമിതിയിൽ അംഗമായ സുൽഹഫ് നിലവിൽ മാധ്യമം ആഴ്ചപതിപ്പിൽ സീനിയർ സബ് എഡിറ്ററാണ്. മികച്ച എഡിറ്റോറിയലിനുള്ള കാമ്പിശ്ശേരി കരുണാകരൻ അവാർഡ് (2019), ഇന്ത്യ സയൻസ് മീഡിയ അവാർഡ് (2019), നാഷനൽ മീഡിയ അവാർഡ് (2018), കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെലോഷിപ്പ് (2017) എന്നിവയും ലഭിച്ചിട്ടുണ്ട്.
ഭാര്യ: ഹിബ തസ്നീം (അധ്യാപിക). മക്കൾ: ഫിദൽ അനാം, ഹർഷ് സമാൻ.