എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യം തടഞ്ഞത് മുസ്‍ലിം ലീഗല്ലെന്ന് ജി. സുകുമാരൻ നായർ
text_fieldsജി സുകുമാരൻ നായർ
എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യം തടഞ്ഞത് മുസ്‍ലിം ലീഗല്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സംവരണപ്രശ്നം ഉള്ളതിനാലാണ് മുമ്പ് അകന്നുനിന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസുമായി എസ്.എൻ.ഡി.പിയെ തെറ്റിച്ചത് ലീഗ് ആണെന്നായിരുന്നു നേരത്തേ വെള്ളാപ്പള്ളി നടേശന്റെ പരാമർശം. സംവരണ പ്രശ്നം ഉയർത്തിയത് ലീഗാണ്. അതുകൊണ്ടാകാം വെള്ളാപ്പള്ളി അങ്ങനെ പറഞ്ഞത്.നായർ-ഈഴവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സുകുമാരൻ നായർ പറഞ്ഞു.
ഐക്യം വേണമെന്ന വെള്ളാപ്പള്ളിയുടെ നിലപാടിനോട് യോജിക്കുന്നു. ഐക്യം വേണമെന്നാണ് എൻ.എസ്.എസിന്റെയും നിലപാട്. നിലവിലെ രാഷ്ട്രീയ സാഹചര്യമല്ല ഐക്യത്തിന് കാരണം.
എൻ.എസ്.എസിന്റെ അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ യോജിച്ചു പോകാൻ തയാറാണ്. ഹൈന്ദവ സമുദായത്തിലെ പ്രബല സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും ഒരുമിക്കുന്നതിൽ എന്താണ് തെറ്റ് എന്നും സുകുമാരൻ നായർ ചോദിച്ചു. എല്ലാമതവിഭാഗങ്ങളോടും രാഷ്ട്രീയ പാർട്ടികളോടുമുള്ള സമദൂര സിദ്ധാന്തം എൻ.എസ്.എസ് തുടരുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും സുകുമാരൻ നായർ രൂക്ഷ വിമർശനം ഉന്നയിച്ചു .സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റിനെ നോക്കുകുത്തിയാക്കുകയാണ് അദ്ദേഹം. വർഗീയതക്കെതിരെ പറയാൻ സതീശന് എന്ത് യോഗ്യതയാണുള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു. സതീശനെ ഈ രീതിയിൽ അഴിച്ചുവിട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാണ്. സതീശൻ പറയുന്നതും പ്രവർത്തിക്കുന്നതും വേറെയാണെന്നും സുകുമാരൻ നായർ പറഞ്ഞു.
മുമ്പ് ഒരു നേതാവ് സമുദായങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞു. സഭാസിനഡ് യോഗം ചേർന്നപ്പോൾ ആ നേതാവ് തിണ്ണ നിരങ്ങാൻ പോയി. വെള്ളാപ്പള്ളി പറയുന്നതിൽ തെറ്റ് പറയാനാകില്ല. സതീശനാണ് ഈ ശത്രുതയെല്ലാം ഉണ്ടാക്കുന്നതെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി.
തൃശൂർ പിടിച്ചതുപോലെ എൻ.എസ്.എസ് പിടിക്കാൻ കഴിയില്ലെന്നും സുരേഷ് ഗോപിയെ പരാമർശിച്ച് സുകുമാരൻ നായർ പറഞ്ഞു. സുരേഷ് ഗോപി വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണെന്നും സുകുമാരൻ നായർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

