‘പമ്പാനദിയിൽ തീട്ടക്കണ്ടിയല്ലേ ഒഴുകുന്നത്? അതിൽ മുങ്ങിയല്ലേ അയ്യപ്പന്മാർ പോകുന്നത്?’ -കേന്ദ്രത്തിനെതിരെ സുകുമാരൻ നായർ
text_fieldsകോട്ടയം: കേന്ദ്ര സർക്കാർ പത്തര വർഷമായിട്ടും പമ്പാ നദിയെ ശുദ്ധീകരിക്കാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശബരിമലയിലെ പരിപാവനമായ പമ്പാ നദിയിലൂടെ തീട്ടക്കണ്ടിയാണ് ഒഴുകുന്നതെന്നും അയ്യപ്പന്മാർ ഈ അഴുക്കിൽ മുങ്ങിക്കുളിച്ചാണ് മലയ്ക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ശബരിമലയിൽ തെറ്റ് ചെയ്തവൻ അനുഭവിക്കും, ദൈവം വിടത്തില്ല. എൻഎസ്എസ് കേസിന് പോയപ്പോൾ ബിജെപിക്കാര്‍ ഓടിക്കളഞ്ഞു. ഞങ്ങൾ ചോദിച്ചു, നിങ്ങൾ കേന്ദ്രം ഭരിക്കുകയല്ലേ, നിങ്ങൾ വിചാരിച്ചാൽ നിയമഭേദഗതി കൊണ്ടുവന്ന് ശബരിമല പ്രശ്നം അവസാനിപ്പിക്കരുതോ? ഞങ്ങൾ അത് ചെയ്യുമെന്നാണ് അവർ പറഞ്ഞത്. എന്നിട്ട് ചെയ്തില്ല. അവിടെ വിമാനം ഇറക്കുമെന്നും തീവണ്ടി ഇറക്കുമെന്നും പറഞ്ഞു. എവിടെ തീവണ്ടിയും വിമാനവുമൊക്കെ? വടക്കേ ഇന്ത്യയിലെ നദികളൊക്കെ ശുദ്ധിയാക്കി. പരിപാവനമായ പമ്പാ നദിയിലൂടെ തീട്ടക്കണ്ടിയല്ലേ ഒഴുകുന്നത്. അതിൽ മുങ്ങിയല്ലേ അയ്യപ്പന്മാർ പോകുന്നത്? പത്തര വർഷം ആയല്ലോ കേന്ദ്ര ഭരിച്ചിട്ട്, എന്ത് ചെയ്തു? ഇവർ ശ്രമം നടത്തുന്നുണ്ടെങ്കിൽ നമ്മൾ സഹകരിച്ചേക്കാം’ - സുകുമാരൻനായർ വ്യക്തമാക്കി.
ഹിന്ദുക്കളുടെ കാര്യത്തിൽ തങ്ങൾക്കാണ് സർവ്വാധികാരമെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും, ശബരിമലയ്ക്ക് വേണ്ടി അവർ ഒന്നും ചെയ്യുന്നില്ല. വിശ്വാസത്തെയും ക്ഷേത്രങ്ങളെയും നിയന്ത്രിക്കുന്നത് അവിടെ കുടികൊള്ളുന്ന ഭഗവാൻ തന്നെയാണ്. തെറ്റ് ചെയ്യുന്നവർ അത് അനുഭവിക്കുമെന്നും, ഇതിനുമുമ്പ് ദേവസ്വം ബോർഡിൽ ഉണ്ടായിരുന്ന അംഗങ്ങളുടെ അനുഭവങ്ങൾ നോക്കിയാൽ അത് വ്യക്തമാകുമെന്നും ദൈവം ആരെയും വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

