ഡോ. സുകുമാർ അഴീക്കോട് ജന്മശതാബ്ദി ആഘോഷത്തിന് ഇന്ന് തുടക്കം; കൽപ്പറ്റ നാരായണൻ അനുസ്മരിക്കുന്നു ‘ഗരുഡയാനം’
text_fieldsസുകുമാർ അഴീക്കോട് ഒരു തത്ത്വചിന്തകനാണ്; ഒരുപക്ഷേ തത്ത്വമസിയുടെ പേരിൽ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗവേഷണ പ്രബന്ധത്തിന്റെ പേരിലും വളരെ ശ്രദ്ധിക്കപ്പെട്ട ഒരാളാണ്. അതിലുമൊക്കെ പ്രധാനമായിട്ട് അഴീക്കോടിനെ നാം ശ്രദ്ധിക്കുന്നത്, ആറു പതിറ്റാണ്ടുകാലം കേരളത്തിൽ ഉടനീളമുള്ള വേദികളിൽ സ്ഥിരസാന്നിധ്യമായ പ്രഭാഷകൻ എന്ന നിലയിലാണ്.
അദ്ദേഹം വിമർശകനായിരുന്നു. മികച്ച അധ്യാപകനായിരുന്നു. അതിലൊക്കെ ഉപരിയായി അഴീക്കോടിന്റെ ഒരു സ്മാരകം ഉയർത്തുകയാണെങ്കിൽ പ്രസംഗിച്ചുകൊണ്ടുനിൽക്കുന്ന അഴീക്കോടിന്റെ ഒരു ശിൽപമുള്ള ഒരു സ്മാരകമായിരിക്കും നമ്മൾ സൃഷ്ടിക്കുക. ആ പ്രസംഗത്തിന്റെ ഒരു സവിശേഷത എന്താണെന്നുവെച്ചാൽ, ഇങ്ങനെ അപ്രിയ സത്യങ്ങൾ പറഞ്ഞ പ്രഭാഷകർ നമുക്കധികമില്ല. നിലവിലുള്ള ഏതു വ്യവസ്ഥിതിയോടും കലഹിക്കുവാനുള്ള സവിശേഷമായ ഒരു സാമർഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
ഇടതുപക്ഷം ഭരിക്കുമ്പോൾ ഇടതുപക്ഷത്തെ, കോൺഗ്രസ് നേതൃത്വത്തിലെ സംഘം ഭരിക്കുമ്പോൾ അവരെ അദ്ദേഹം കർശനമായി, കർക്കശമായി വിമർശിച്ചുപോന്നു. പ്രിയസത്യങ്ങൾ പറയുന്ന ഒരു പ്രഭാഷകനായിരുന്നില്ല അഴീക്കോട്. അപ്രിയ സത്യങ്ങൾ പറയുന്ന പ്രഭാഷകൻ ആയിരുന്നു. അപ്പോഴാണ് അഴീക്കോടിന്റെ ഊർജസ്വലത മുഴുവൻ നമ്മൾ കണ്ടിട്ടുള്ളത്. ഭാഷയിൽ അദ്ദേഹത്തിനുള്ള ഒരു സ്വാധീനം അസാധാരണമായിരുന്നു. ഒരുതരം ഗരുഡയാനം എന്നുപറയാം ആ പ്രഭാഷണ രീതിയെ.
കുറഞ്ഞ ശബ്ദത്തിൽ ആരംഭിച്ച് ഉയർന്നുയർന്ന് ഒരു ഗരുഡനെപ്പോലെ ചിറകടിച്ച് ചിറകടിച്ച് പിന്നെ ചിറകടിക്കാതെ പറക്കുന്ന ഒരു പക്ഷിയെപോലെയായിരുന്നു ആ പ്രസംഗം. അത് ആൾക്കൂട്ടത്തെ അത്രമേൽ ആകർഷിച്ചു എന്നുമാത്രമല്ല, ഗായകർ യേശുദാസിനെപോലെ പാടാൻ ആഗ്രഹിച്ചു എന്നുപറയുന്നതുപോലെ പ്രഭാഷണകലയിൽ ആരാധനയുള്ളവരൊക്കെ അഴീക്കോടിനെപോലെ പ്രസംഗിക്കാൻ ആഗ്രഹിച്ചു.
തീർച്ചയായിട്ടും എം.എൻ. വിജയൻ നല്ല കാവ്യഭാവുകത്വമുള്ള ചിന്തകനായ പ്രഭാഷകൻ ആയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രഭാഷണം ഏതാണ്ട് രണ്ടുപതിറ്റാണ്ട് കാലത്തോളമേ ഉണ്ടായിട്ടുള്ളൂ. അതിനുമുമ്പ് മുണ്ടശ്ശേരി ഉൾപ്പെടെ വലിയ പ്രഭാഷകർ നമുക്കുണ്ടായിരുന്നു. എന്നാൽപോലും അഴീക്കോടാണ് പ്രഭാഷണകലയെ ദീർഘകാലത്തെ ഒരു കലാശിൽപം ആക്കി മാറ്റിയത്; ഈ കലാശിൽപം നമ്മുടെ മലയാളി സമൂഹത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അഴീക്കോടിലൂടെയാണ് ഒരർഥത്തിൽ രവീന്ദ്രനാഥ ടാഗോർ, വാത്മീകി, കാളിദാസൻ ഒക്കെ മലയാളികളുമായി സംവാദത്തിലേർപ്പെട്ടത് എന്ന് പറയാം.
ആറ് ഏഴ് പതിറ്റാണ്ടുകാലമാണ് അഴീക്കോട് പ്രഭാഷണം നടത്തിയത്. ക്ലാസ് മുറിയിലേതുപോലെ വളരെ ശബ്ദം കുറച്ചുള്ള ഒരു രൂപമാതൃകയാണ് അദ്ദേഹത്തിന്റേത്. ലേഖനങ്ങളിലും ഒരു പ്രഭാഷകന്റെ സ്വരമാണ് നമ്മൾ കേൾക്കുക. വിമർശനങ്ങളിലും ഒരു പ്രഭാഷകന്റെ ആവേശമാണ് നാം കൂടെക്കൂടെ കാണുക. അടിസ്ഥാനപരമായിട്ട് അഴീക്കോട് മലയാളത്തിന്റെ പ്രഭാഷകനായിരുന്നു. ചിന്താലോകത്തും നമ്മുടെ സാംസ്കാരിക രംഗത്തും ഒക്കെ അതിലൂടെ അഴീക്കോട് ഉണ്ടാക്കിയ മാറ്റങ്ങൾ വളരെ കൂടുതലാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാൻ വയനാട്ടിൽനിന്ന് വന്നപ്പോൾ ആദ്യമായി പ്രഭാഷണം കേൾക്കുന്നത് അഴീക്കോടിന്റേതാണ്; കോഴിക്കോട് ടൗൺഹാളിൽ വെച്ച്. അന്ന് വയനാട്ടിലൊക്കെ അഴീക്കോടിനെക്കുറിച്ച് കേട്ടുകേൾവിയേയുള്ളൂ. ആ ആദ്യപ്രഭാഷണം കേട്ടപ്പോൾതന്നെ ഒരു പ്രഭാഷകൻ ആകണമെന്ന മോഹം എന്നിൽ ഉടലെടുത്തു.
ഒരു വശീകരണത്തിൽ മുഴുവൻ ആളുകളെയും പ്രസംഗത്തിലൂടെ ഹിപ്നോട്ടൈസ് ചെയ്ത് നിർത്തുന്നത് കണ്ടപ്പോൾ ഈ കല കൊള്ളാവുന്നതാണല്ലോ എന്ന് എനിക്കും തോന്നി. പിന്നീട് അഴീക്കോടുമായി വളരെ അടുത്ത പരിചയമുള്ള ആളായി ഞാൻ മാറി. ഞങ്ങൾ വളരെയടുത്ത സുഹൃത്തുക്കളായി മാറി.
അതിലൊരോർമ വളരെ ഹൃദ്യമാണ്. ഞാനും അഴീക്കോടും കൂടി പ്രഭാഷണവേദിയിൽനിന്ന് മടങ്ങുമ്പോൾ പറഞ്ഞ വാക്യങ്ങളാണ്. ‘നാരായണാ.. നമ്മൾ ഇങ്ങോട്ട് വരുമ്പോൾ എവിടെ നിന്നൊക്കെയായിരുന്നു ആളുകൾ അന്വേഷിച്ചിരുന്നത്. ഞാൻ കുറ്റിപ്പുറം പാലം കഴിഞ്ഞുവോ, ഫറോക്ക് ചുങ്കം കഴിഞ്ഞോ, ഇപ്പോ എവിടെയെത്തി... എന്തൊരു ഉത്കണ്ഠയായിരുന്നു അവർക്ക്. ഞാനിതാ ഇപ്പോൾ തിരിച്ചുപോകുന്നു. നാരായണനിതാ കൊയിലാണ്ടിയിൽ ഇറങ്ങും.
അങ്ങനെ പോകുമ്പോൾ ഒരാൾപോലും എന്നെ വിളിച്ചുനോക്കാറില്ല, ഞാനെവിടെ എത്തീന്ന്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ആരും അന്വേഷിക്കാത്ത ഈ മടക്കയാത്രകളാണ്. ഞാൻ എത്ര പ്രസംഗയാത്രകൾ ചെയ്തുവോ അത്രയും തന്നെ വേദനനിറഞ്ഞ മടക്കയാത്രകളും ചെയ്യേണ്ടിവന്നു. എന്തൊരു ദുഃഖമാണ്.’ അദ്ദേഹം പറയുമായിരുന്നു.
തയാറാക്കിയത്: അനുശ്രീ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.