ശുചിത്വസാഗരം സുന്ദരതീരം: ജില്ലതല കടലോര നടത്തം ചൊവ്വാഴ്ച കുഴുപ്പിള്ളി ബീച്ചിൽ
text_fieldsവൈപ്പിൻ: കടലും തീരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന്റെ ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ആദ്യഘട്ട ബോധവത്കരണ - പ്രചാരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കുഴുപ്പിളളിയിൽ നടക്കും. ഇതോടനുബന്ധിച്ച ആദ്യ പരിപാടിയായ കടലോര നടത്തം കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് നാലിന് കുഴുപ്പിള്ളി ബീച്ചിൽ നടക്കും. ആയിരങ്ങൾ അണിചേരും.
ഹൈബി ഈഡൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്‌ടർ ഡോ. രേണു രാജ്, ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ, കല, കായികം, സിനിമ, സാംസ്‌കാരികം, രാഷ്ട്രീയം രംഗത്തെ പ്രമുഖർ, കുടുംബശ്രീ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സാമുദായിക - സന്നദ്ധ കൂട്ടായ്‌മകൾ, ക്ലബുകൾ ഉൾപ്പെടെ സംഘടനകൾ, പൊതുജനങ്ങൾ ഉൾപ്പെടെ കടലോര നടത്തത്തിൽ പങ്കെടുക്കും. തീരനടത്തത്തിനുശേഷം കലാപ്രകടനങ്ങൾക്ക് അവസരമുണ്ടാകും.
ശുചിത്വസാഗരം സുന്ദര തീരം പദ്ധതിയിൽ സെപ്റ്റംബർ 18ന് സംസ്ഥാന വ്യാപകമായി ജനകീയ പങ്കാളിത്തത്തോടെ കടലും തീരവും പ്ലാസ്റ്റിക് നീക്കി വൃത്തിയാക്കാനാണ് സർക്കാർ തീരുമാനം. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യും. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബൃഹദ് ജനകീയ പരിപാടിയിൽ പതിനായിരത്തോളം പേർ അണിചേരുമെന്നും ഒരുക്കങ്ങൾ നടത്തിയതായും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു.
19ന് രാവിലെ 10.30നു സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിക്കും. മെഴുകുതിരി നടത്തം, ബോധവൽക്കരണ ക്ലാസുകൾ, പ്ലക്കാർഡ് ജാഥ തുടങ്ങിയവയും സംഘടിപ്പിക്കും. മണ്ഡലത്തിലെ 135 ഗ്രാമപഞ്ചായത്തു വാർഡുകളിലെയും ജനപ്രതിനിധികളുടെ യോഗം പ്രസിഡന്റുമാരുടെ അധ്യക്ഷതയിൽ ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തണം. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഹാർബറുകൾ കേന്ദ്രീകരിച്ച് മേഖലയിലുമുള്ളവരുടെ പ്രത്യേക യോഗങ്ങളും ചേരണമെന്നും കലക്‌ടറേറ്റിൽ ചേർന്ന യോഗത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

