ഭിന്നലിംഗക്കാരില്‍ 32 ശതമാനം പേരും ആത്മഹത്യക്ക് ശ്രമിച്ചവര്‍
text_fieldsകൊച്ചി: സംസ്ഥാനത്തെ ഭിന്നലിംഗക്കാരില്‍ 32 ശതമാനം പേരും ഒരുതവണയെങ്കിലും ആത്മഹത്യക്ക് ശ്രമിച്ചവരാണെന്ന് സെമിനാര്‍. ഭിന്നലിംഗക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച ട്രാന്‍സ്ജന്‍ഡേഴ്സ്: വെല്ലുവിളികളും അതിജീവനവും എന്ന സെമിനാറിലാണ് ഇക്കാര്യം പറഞ്ഞത്. സാമൂഹികനീതി വകുപ്പ് നടത്തിയ സര്‍വേപ്രകാരം 34 ശതമാനം ഭിന്നലിംഗക്കാരും പ്രതിമാസം 3000 രൂപയില്‍ താഴെ വരുമാനമുള്ളവരാണ്. 11 ശതമാനത്തിന് മാത്രമാണ് സ്ഥിരജോലിയുള്ളത്. 60 ശതമാനം പേര്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരാണ്. ഏഴുശതമാനത്തിന് എഴുതാനും വായിക്കാനുമറിയില്ല. ആറുശതമാനം മാത്രമാണ് ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍.
കുടുംബം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊലീസ് എന്നിവയില്‍നിന്ന് പീഡനമേല്‍ക്കേണ്ടിവരുന്നവരാണ് ഭൂരിപക്ഷവുമെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. 99 ശതമാനം പേരും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരാണ്. സ്വത്വം വെളിപ്പെടുത്തുന്നതോടെ അഭ്യസ്തവിദ്യര്‍ക്കുപോലും ജോലി നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ലിംഗമാറ്റശസ്ത്രക്രിയ നടത്തിയവരില്‍ ഒരു ശതമാനത്തിന് മാത്രമാണ് വിവാഹജീവിതം സാധ്യമായിട്ടുള്ളത്. ഭിന്നലിംഗക്കാര്‍ നേരിടുന്ന അതിക്രമങ്ങളില്‍ 96 ശതമാനം പേരും അധികാരികളോട് പരാതി പറയുന്നില്ല. നോട്ട് നിരോധനത്തില്‍ ഏറ്റവും വലഞ്ഞത്് ഇവരാണ്. ഒൗദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് 25,000 ഭിന്നലിംഗക്കാരാണുള്ളത്. സര്‍ക്കാര്‍ ജോലിയില്‍ ഭിന്നലിംഗക്കാര്‍ക്ക് സംവരണം നല്‍കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
